ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് ; ശാസ്ത്രീയപരിശോധനയ്ക്കായി വിദഗ്ധ സംഘം പള്ളിമണിലേക്ക്

ആറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഭാഗത്ത് കരയിലും വെള്ളത്തിലും കൂടുതല്‍ പരിശോധന നടത്തുകയാണ് ലക്ഷ്യം
ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് ; ശാസ്ത്രീയപരിശോധനയ്ക്കായി വിദഗ്ധ സംഘം പള്ളിമണിലേക്ക്

കൊല്ലം : കൊല്ലം പള്ളിമണില്‍ ഇത്തിക്കരയാറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. ദേവനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘവും, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ധ സംഘവും പള്ളിമണ്‍ ഇളവൂരിലെത്തി ശാസ്ത്രീയ പരിശോധന നടത്തും. 

ചൊവ്വാഴ്ചയാണ് സംഘം കുട്ടി മരിച്ചുകിടന്ന പ്രദേശത്ത് പരിശോധനയ്‌ക്കെത്തുക. ആറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഭാഗത്ത് കരയിലും വെള്ളത്തിലും കൂടുതല്‍ പരിശോധന നടത്തുകയാണ് ലക്ഷ്യം. അതിനിടെ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും പൊലീസ് ശേഖരിച്ചു. 

കുട്ടിയുടേത് സാധാരണ മുങ്ങിമരണമാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം. വാക്കനാട് സരസ്വതീ വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കുടവട്ടൂര്‍ നന്ദനത്തില്‍ പ്രദീപ്-ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയെ വെള്ളിയാഴ്ചയാണ് വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com