ബെഹ്‌റയെ മാറ്റണമെന്ന മോഹം നടക്കില്ല : മുഖ്യമന്ത്രി; ലാവലിന്‍ കേസിലെ പാലമെന്ന് പ്രതിപക്ഷം

ബെഹ്‌റയെ മാറ്റണമെന്ന മോഹം നടക്കില്ല : മുഖ്യമന്ത്രി; ലാവലിന്‍ കേസിലെ പാലമെന്ന് പ്രതിപക്ഷം

ബെഹ്‌റയോട് മുഖ്യമന്ത്രിക്ക് ഇത്രമാത്രം സ്‌നേഹമുണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതതില്‍ തെറ്റില്ല. ഡിജിപിയെ മോശമാക്കുന്നത് ശരിയല്ല. ബെഹ്‌റയെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ല. ഡിജിപിയുടെ നടപടികള്‍ സുതാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നിരീക്ഷണ പദ്ധതി ഗാലക്‌സോണ്‍ കമ്പനിക്ക് കൈമാറിയതില്‍ തെറ്റില്ല. സിംസ് കരാര്‍ വ്യവസായ വകുപ്പ് പരിശോധിക്കും. 

കെല്‍ട്രോണിന് പിഴവ് സംഭവിച്ചോ എന്നാണ് പരിശോധിക്കുക. പൊലീസില്‍ പര്‍ച്ചേയ്‌സ് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. കേന്ദ്രീകൃത ചട്ടവും മാനദണ്ഡങ്ങളും കൊണ്ടുവരുന്നതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം വൈകിയതിനാലാണ് ക്വാര്‍ട്ടേഴ്‌സിനുള്ള തുക വകമാറ്റിയത്. ഡിജിപിയെ പ്രതിപക്ഷം അവഹേളിക്കുകയാണ്. സഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നു. റിപ്പോര്‍ട്ട് ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കം അല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

അതേസമയം പൊലീസില്‍ അഴിമതിയുടെ അഴിഞ്ഞാട്ടമെന്ന് കോണ്‍ഗ്രസിലെ പി ടി തോമസ് ആരോപിച്ചു. ഒരു രൂപ മൂലധനമില്ലാത്ത ഗാലക്‌സോണ്‍ കമ്പനിക്ക് കോടികളുടെ തട്ടിപ്പ് നടത്താനാണ് അവസരമൊരുക്കിയത്. ഗാലക്‌സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ഡിജിപിയെ പുറത്താക്കണം. അല്ലെങ്കില്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും പി ടി തോമസ് പറഞ്ഞു. ഡിജിപി ബെഹ്‌റ ലാവലിന്‍ കേസിലെ പാലമാണ്. ലാവലിന്‍ കേസില്‍ ഡല്‍ഹി രാജധാനിയിലേക്ക് ബെഹ്‌റ പാലത്തിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ആ പാലം തകര്‍ന്നാല്‍ മുഖ്യമന്ത്രി അഗാധ ഗര്‍ത്തത്തിലേക്ക് പോകുമെന്നും പിടി തോമസ് പറഞ്ഞു. 

ലാവലിന്‍ കേസ് പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ചിലയാളുകള്‍ അവിടെയിരുന്ന് ചിലത് പറയുന്നുണ്ട്. അവരുടെ അന്തസ്സിന് അനുസരിച്ചാണ് അവര്‍ പറയുന്നത്. അവര്‍ എങ്ങിനെ വളര്‍ന്നുവെന്നാണ് അത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബെഹ്‌റയോട് മുഖ്യമന്ത്രിക്ക് ഇത്രമാത്രം സ്‌നേഹമുണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിംസ് കരാര്‍ ലഭിച്ച ഗാലക്‌സോണ്‍ തട്ടിക്കൂട്ട് കമ്പനിയാണ്. ഇതിലെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്പട്ടികയില്‍പ്പെട്ടവരാണ്. ഇത് ആരുടെ ബിനാമി കമ്പനിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com