'അച്ഛന്‍ തിരക്കിട്ട് കുഴി മൂടുന്നത് കണ്ടു' ; വെഞ്ഞാറമൂട് കൊലപാതകത്തില്‍ നിർണായകമായത് അനന്തുവിന്റെ വെളിപ്പെടുത്തല്‍

കക്കൂസ് ടാങ്ക് നിര്‍മിക്കാനായി എടുത്ത കുഴിയിലായിരുന്നു സിനിയുടെ മൃതദേഹം കണ്ടെത്തിയത്  
'അച്ഛന്‍ തിരക്കിട്ട് കുഴി മൂടുന്നത് കണ്ടു' ; വെഞ്ഞാറമൂട് കൊലപാതകത്തില്‍ നിർണായകമായത് അനന്തുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായകമായത് മക്കളുടെ മൊഴി. വാരിക്കുന്ന് സ്വദേശിനി സിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ കുട്ടന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അച്ഛനും അമ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്നും, അച്ഛന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുക പതിവാണെന്നും മക്കളായ അരവിന്ദും അനന്തുവും പൊലീസിനോട് വ്യക്തമാക്കി. 

അച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് അമ്മയ്ക്ക് നിരവധി തവണ പരിക്കുപറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രി അമ്മയുമായി അച്ഛന്‍ വഴക്കുണ്ടാക്കി. വടി കൊണ്ട് അമ്മയെ പൊതിരെ തല്ലുന്നത് കണ്ടുവെന്നും ഇളയകുട്ടിയായ അനന്തു പൊലീസിനോട് പറഞ്ഞു. ബഹളം കേട്ടെത്തിയ തന്നോട് പുറത്തുപോകാന്‍ പറഞ്ഞു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. സമീപത്തെ മറ്റൊരു വീട്ടില്‍പോയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോളും അമ്മയെ കണ്ടില്ലെന്നും തുടര്‍ന്ന് അമ്മയുടെ സഹോദരനെ വിവരമറിയിച്ചെന്നും മകന്‍ പറഞ്ഞു. 

ഞായറാഴ്ച അച്ഛന്‍ ധൃതിയില്‍ കുഴി മണ്ണിട്ട് മൂടുന്നത് കണ്ടെന്നും മകന്‍ മൊഴി നല്‍കി. സിനിയുടെ പിതാവ് ചെല്ലപ്പന്റെ പുരയിടത്തോട് ചേര്‍ന്നാണ് സിനിയെ കുഴിച്ചിട്ടത്. സിനിയുടെ സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കക്കൂസ് ടാങ്ക് നിര്‍മിക്കാനായി എടുത്ത കുഴിയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  

കുട്ടന്‍-സിനി ദമ്പതിമാര്‍ക്കിടയില്‍ കുറേക്കാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. മുമ്പ് കുട്ടന്‍ സിനിയുടെ കൈ തല്ലി ഒടിച്ചിരുന്നതായും, സിനി ജോലിക്ക് പോകുന്നത് തടയാനായി മുടി മുറിച്ചിരുന്നതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പ്രഥമദൃഷ്ട്യാ കുട്ടനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബോധ്യപ്പെട്ടത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിചന്ദ്രന്‍ നായര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com