ക്രൂരതയെ അതിജീവിച്ച ജീവിത വിജയം, ഇത് പ്രചോദനം; ര​ഹനാസിന് വനിതാ രത്ന പുരസ്കാരം

ക്രൂരതയെ അതിജീവിച്ച ജീവിത വിജയം, ഇത് പ്രചോദനം; ര​ഹനാസിന് വനിതാ രത്ന പുരസ്കാരം
ക്രൂരതയെ അതിജീവിച്ച ജീവിത വിജയം, ഇത് പ്രചോദനം; ര​ഹനാസിന് വനിതാ രത്ന പുരസ്കാരം

തിരുവനന്തപുരം: ബാല്യത്തിൽ ഉറ്റവരിൽനിന്നു തന്നെ നേരിട്ട ക്രൂരതകളെ അതിജീവിച്ച് ജീവിത വിജയം നേടിയ രഹനാസിന് സംസ്ഥാന സർക്കാരിന്റെ വനിതാ രത്ന പുരസ്കാരം. സമകാലിക മലയാളം വാരികയാണ് രഹനാസിന്റെ സമാനതകളില്ലാത്ത ജീവിത കഥ പുറത്തുകൊണ്ടുവന്നത്. 

കുട്ടിയായിരിക്കുമ്പോള്‍ ജീവിതത്തില്‍ നേരിട്ട ദാരുണ സംഭവത്തെ തുടര്‍ന്ന് സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടി വന്നിട്ടുപോലും അതിനെയെല്ലാം പൊരുതി ജയിച്ച് ജീവിത വിജയം നേടിയ വ്യക്തിയാണ് പി.പി. രഹനാസ്. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നിര്‍ഭയ ഹോമില്‍ താമസിച്ച് നിയമ ബിരുദം നേടി നിലവില്‍ കുടുംബത്തിന് താങ്ങായി ജോലി ചെയ്ത് ജീവിക്കുന്നു. രഹനാസിന്റെ ജീവിതം ആസ്പദമാക്കി 'എന്റെ കഥ നിന്റേയും' എന്ന ഡോക്യുഫിക്ഷനും തയ്യാറാക്കിയിരുന്നു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറഞ്ഞതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ ഇതേറെ സഹായിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം പാലക്കാട് മുണ്ടൂര്‍ പാലക്കീഴി ഹൗസിലെ കുമാരി പി.യു. ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കല്‍പനയിലെ പി.പി. രഹ്നാസ്, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് ലയണ്‍സ് റോഡ് ശരണ്യയിലെ ഡോ. പാര്‍വതി പി.ജി. വാര്യര്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ എച്ചിലാംവയല്‍ വനജ്യോത്സ്‌നയിലെ ഡോ. വനജ എന്നിവര്‍ക്കാണ്. മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കളക്ടര്‍ അധ്യക്ഷനായിട്ടുള്ള ജില്ലാതല വനിതാരത്‌ന പുരസ്‌കാര നിര്‍ണയ കമ്മിറ്റി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ സ്‌ക്രീനിംഗ് കമ്മിറ്റി ഇത് വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com