ബിജെപിക്ക് പുതിയ തലവേദന ?; കുട്ടനാട്ടില്‍ ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി മല്‍സരിച്ചത് സുഭാഷ് വാസുവാണ്
ബിജെപിക്ക് പുതിയ തലവേദന ?; കുട്ടനാട്ടില്‍ ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും 

ആലപ്പുഴ : കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഡിജെഎസിന് തിരിച്ചടി നല്‍കുക ലക്ഷ്യമിട്ടാണ് സെന്‍കുമാറിന്റെ നീക്കം. കുട്ടനാട് സീറ്റ് നിലവില്‍ ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസിന് അനുവദിച്ചിട്ടുള്ളതാണ്. 

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി സെന്‍കുമാറും സുഭാഷ് വാസും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തുഷാര്‍ സെന്‍കുമാറിനും സുഭാഷിനുമെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. സെന്‍കുമാറിന് ഡിജിപി പദവി ലഭിച്ചത് എസ്എന്‍ഡിപിയുടെ ക്രെഡിറ്റിലാണെന്ന കാര്യം മറക്കരുതെന്നും തുഷാര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും തുഷാര്‍ പുറത്താക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി മല്‍സരിച്ചത് സുഭാഷ് വാസുവാണ്. സുഭാഷ് വാസുവിന് 33,000 ലേറെ വോട്ടുകള്‍ നേടാനും സാധിച്ചു. ഇത്തവണ കുട്ടനാട്ടില്‍ സുഭാഷ് വാസുവോ, സെന്‍കുമാറോ മല്‍സരിച്ചാല്‍ മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ വിഭജിക്കാന്‍ കാരണമാകും. ഇതോടെ, ഇരുവരെയും മല്‍സര രംഗത്തു നിന്നും പിന്തിരിപ്പിക്കാനും, ശക്തനായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാനുമുള്ള വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com