ഒടുവില്‍ 'ഭാഗ്യം' തെളിഞ്ഞു ; ബമ്പർ അടിച്ചത് അജിതന് തന്നെ ; വ്യാജപ്പരാതി, മുനിയന്‍ അറസ്റ്റില്‍

ജൂലായ് 18ന് നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പറില്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ എം.ഇ. 174253 നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത്
ഒടുവില്‍ 'ഭാഗ്യം' തെളിഞ്ഞു ; ബമ്പർ അടിച്ചത് അജിതന് തന്നെ ; വ്യാജപ്പരാതി, മുനിയന്‍ അറസ്റ്റില്‍

കണ്ണൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം അഞ്ചുകോടി രൂപ അടിച്ചത് കണ്ണൂര്‍ പറശ്ശിനിക്കടവിലെ പി എം അജിതന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമ്മാനം നേടിയ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന് അവകാശപ്പെട്ട നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വ്യാജപ്പരാതി നല്‍കിയ കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് പുത്തൂര്‍ സ്വദേശി മുനിയനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂലായ് 18ന് നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പറില്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ എം.ഇ. 174253 നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത്. ആ നമ്പര്‍ ടിക്കറ്റ് തന്റെ പേരും വിലാസവും ഒപ്പുമിട്ട് അജിതന്‍ പുതിയതെരുവിലെ കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു. സമ്മാനത്തുകയായ 3.15 കോടി രൂപ ലോട്ടറിവകുപ്പ് അജിതന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് താമസിക്കുന്ന മുനിയന്‍ നാടകീയമായി രംഗത്തുവരുന്നത്. 

ടാക്‌സി ഡ്രൈവറായ താന്‍ പറശ്ശിനിക്കടവില്‍ ട്രിപ്പുമായി വന്നപ്പോള്‍ ജൂണ്‍ 16നാണ് ടിക്കറ്റെടുത്തതെന്നും ജൂണ്‍ 29ന് വീണ്ടും പറശ്ശിനിക്കടവില്‍ വന്നപ്പോള്‍ ടിക്കറ്റടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടെന്നുമാണ് മുനിയന്‍ പരാതിയില്‍ പറഞ്ഞത്. ടിക്കറ്റിന്റെ പിന്നില്‍ പേരും നമ്പറും എഴുതിയിരുന്നെന്നും നമ്പര്‍ വീട്ടിലെ കലണ്ടറില്‍ എഴുതിവെച്ചിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസും ലോട്ടറി വകുപ്പും നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മുനിയന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 

അതിനിടെ, സമ്മാനാര്‍ഹമായ ടിക്കറ്റിന് മറ്റൊരാള്‍ അവകാശവാദമുന്നയിച്ചതിനാല്‍ തത്കാലം പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നുകാണിച്ച് തളിപ്പറമ്പ് പൊലീസ് ബാങ്ക് മാനേജര്‍ക്ക് കത്ത് നല്‍കി. അതോടെ, സമ്മാനത്തുക മാത്രമല്ല അതെത്തിയ അക്കൗണ്ടാകെ മരവിപ്പിച്ചതിനാല്‍ കടുത്ത പ്രയാസത്തിലാണെന്നു കാട്ടി അജിതന്‍ പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചു.

കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ അജിതന്റെ പേരും വിലാസവുമല്ലാതെ മറ്റൊന്നും ടിക്കറ്റില്‍ എഴുതിയിട്ടില്ലെന്ന് വ്യക്തമായി. ഈ റിപ്പോര്‍ട്ട് കിട്ടി രണ്ടുമാസമായിട്ടും തന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ പൊലീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അജിതന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com