ഗുരുവായൂർ ആനയോട്ടത്തിൽ ​ഗോപീകണ്ണൻ ഒന്നാമൻ; ജേതാവാകുന്നത് തുടർച്ചയായി എട്ടാം തവണ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2020 03:47 PM  |  

Last Updated: 06th March 2020 03:47 PM  |   A+A-   |  

gopi_kannan

 

തൃ‌ശൂർ: ​ഗുരുവായൂർ ആനയോട്ടത്തിൽ ​ഗോപീകണ്ണൻ ഒന്നാമനായി. തുടർച്ചയായി ഇത് എട്ടാം തവണയാണ് ​ഗോപീകണ്ണൻ ജേതാവാകുന്നത്. 25 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ചെന്താമരാക്ഷൻ, കണ്ണൻ എന്നീ ആനകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 10 ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവത്തിന്റെ ആരംഭമായാണ് എല്ലാ വർഷവും ആനയോട്ടം നടക്കാറുള്ളത്. 

ഏറ്റവും മുന്നിൽ ഓടിയെത്തി ക്ഷേത്രം ഗോപുര വാതിൽ കടക്കുന്ന ആനയാണ് വിജയിയാകുന്നത്. ആനയോട്ടത്തിലെ ജേതാവായിരിക്കും ഉത്സവത്തിന്റെ പത്ത് ദിവസങ്ങളിലും സ്വർണത്തിടമ്പ് എഴുന്നള്ളിക്കുക. ഇത്തവണ മുന്നിലോടാൻ ചെന്താമരാക്ഷൻ, കണ്ണൻ, നന്ദൻ, ഗോപീകണ്ണൻ, നന്ദിനി എന്നീ ആനകളെയാണ് തിരഞ്ഞെടുത്തത്. അച്യുതൻ, ദേവദാസ് എന്നിവരായിരുന്നു കരുതൽ ആനകൾ. 

മൂന്ന് മണിക്കാണ് മത്സരം ആരംഭിച്ചത്. മഞ്ജുളാല്‍ മുതല്‍ ക്ഷേത്രം വരെയായിരുന്നു ഓട്ടം. ആദ്യം എത്തിയ മൂന്ന് ആനകള്‍ ക്ഷേത്രത്തിന് ചുറ്റും ഏഴ് തവണ ചുറ്റി ആചാരം പൂര്‍ത്തിയാക്കി. ആനയോട്ട വഴികളില്‍ മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ ബാരികോഡ് കെട്ടി കനത്ത സുരക്ഷ ഒരുക്കിയായിരുന്നു മത്സരം.