പഴയ കസേര ചോദിച്ച് ആറാംക്ലാസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍ ; 'ഞെട്ടിച്ച്' പൊലീസുകാര്‍ 

പൊലീസുകാര്‍ വീട്ടിലെത്തിച്ചു നല്‍കിയത് ഒന്നിനു പകരം രണ്ട് പുതിയ കസേരകള്‍
പഴയ കസേര ചോദിച്ച് ആറാംക്ലാസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍ ; 'ഞെട്ടിച്ച്' പൊലീസുകാര്‍ 

ആലപ്പുഴ : വീട്ടിലേക്ക് ഒരു പഴയ കസേര ചോദിച്ചെത്തിയ ആറാംക്ലാസ്സുകാരനെ ഞെട്ടിച്ച് പൊലീസുകാര്‍. ചേര്‍ത്തല ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ആറാംക്ലാസ്സുകാരന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. കുട്ടിയുടെ ജീവിത സാഹചര്യം മനസ്സിലാക്കിയ പൊലീസുകാര്‍, വീട്ടിലെത്തിച്ചു നല്‍കിയത് ഒന്നിനു പകരം രണ്ട് പുതിയ കസേരകള്‍.

ചേര്‍ത്തല ആയുര്‍വേദ ആശുപത്രിക്കു സമീപം പുറമ്പോക്കിലെ വീട്ടില്‍ താമസിക്കുന്ന 6ാം ക്ലാസുകാരന്‍ സ്‌കൂളില്‍ പോകുമ്പോഴാണ്, ഡിവൈഎസ്പി ഓഫിസിനു പിന്നില്‍ പഴയ കസേരകള്‍ കൂട്ടിയിട്ടത് ശ്രദ്ധിച്ചത്. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്ന്  വീട്ടിലുണ്ടായിരുന്ന ഒരു കസേര ഒടിഞ്ഞുപോയി, പുതിയതു വാങ്ങാന്‍ ശേഷിയുമില്ല. അതിനാല്‍ വീട്ടിലിടാന്‍ ഒരു പഴയ കസേര തരുമോ എന്നു ചോദിച്ചു. ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും കാര്യങ്ങള്‍ വിശദമായി തിരക്കി.

ഭാഗ്യക്കുറി വില്‍പനക്കാരനായിരുന്ന അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കിടപ്പിലാണെന്നും അമ്മ ഭാഗ്യക്കുറി വിറ്റും മറ്റു ജോലികള്‍ക്കു പോയുമാണ് വീട് നോക്കുന്നതെന്നും കുട്ടി പറഞ്ഞു. ഇതോടെ പൊലീസുകാരുടെ മനസ്സലിഞ്ഞു. സര്‍ക്കാര്‍ ഓഫിസിലെ സാധനങ്ങള്‍ അങ്ങനെ കൊടുക്കാന്‍ പാടില്ലെന്നും അടുത്ത ദിവസം വരാനും നിര്‍ദേശിച്ചു. പിറ്റേന്നു വന്ന കുട്ടിയെ അമ്പരപ്പിച്ച് രണ്ട് പുതിയ കസേരകള്‍ പൊലീസ് വാങ്ങി വച്ചിരുന്നു. ഇത് വാഹനത്തില്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ഡിവൈഎസ്പി എ ജി ലാല്‍ ആണ് കസേരകള്‍ കൈമാറിയത്. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ട, കഴിയുംവിധം സഹായിക്കാമെന്ന വാഗ്ദാനവും പൊലീസുകാര്‍ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com