പ്രശ്‌നം തുടങ്ങിയത് സ്വകാര്യ ബസ് ജീവനക്കാര്‍ ; പെര്‍മിറ്റ് റദ്ദാക്കണം ; കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് ഗുരുതര തെറ്റെന്നും കളക്ടറുടെ റിപ്പോര്‍ട്ട്

കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍
പ്രശ്‌നം തുടങ്ങിയത് സ്വകാര്യ ബസ് ജീവനക്കാര്‍ ; പെര്‍മിറ്റ് റദ്ദാക്കണം ; കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് ഗുരുതര തെറ്റെന്നും കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയ്ക്ക് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായി റിപ്പോർട്ട്. മിന്നല്‍ പണിമുടക്കിന് ഇടയാക്കിയ പ്രശ്‌നം തുടങ്ങിയത് സ്വകാര്യബസ് ജീവനക്കാരാണ്. കെ എല്‍ 16 എ 8639 എന്ന സ്വകാര്യ ബസ് പെര്‍മിറ്റ് ലംഘനം നടത്തി. അനുമതിയില്ലാതെ മേഖലയില്‍ 20 മിനുട്ട് മുമ്പ് വന്ന് പാര്‍ക്ക് ചെയ്തു. നിയമലംഘനം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. 

കെഎസ്ആര്‍ടിസിയ്ക്കും വീഴ്ച സംഭവിച്ചു. സമരത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് ഗുരുതര തെറ്റാണെന്നും കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസിക്ക് അവശ്യ സര്‍വീസ് നിയമം(എസ്മ) നിര്‍ബന്ധമാക്കണം. ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മിന്നല്‍ സമരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍  ആംബുലന്‍സിന് സംഭവസ്ഥലത്ത് പെട്ടെന്ന് എത്താന്‍ ഗതാഗതക്കുരുക്ക് കാരണം കഴിഞ്ഞില്ലെന്ന് ഫോര്‍ട്ട് സിഐ കളക്ടര്‍ക്ക് മൊഴിനല്‍കി. 

അതേസമയം പ്രശ്‌നത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പണിമുടക്ക് നടത്തുമെന്ന് എഐടിയുസിയും ഐഎന്‍ടിയുസിയും സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജില്ലാ കളക്ടര്‍ യൂണിയനുകളോട് ആലോചിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. 

ബസുകളുടെ പട്ടിക പൊലീസ് കൈമാറിയെങ്കിലും ഇതിലെ ജീവനക്കാര്‍ ആരൊക്കെയാണന്ന വിവരം കെ.എസ്.ആര്‍.ടി.സി നല്‍കിയിട്ടില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കില്ല. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com