മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഹീന തന്ത്രമെന്ന് കോടിയേരി; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കാനം

വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഹീന തന്ത്രമെന്ന് കോടിയേരി; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കാനം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ  വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പോലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസുപോലും നല്‍കാതെ നിര്‍ത്തിവെപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹി കലാപം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം  സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണിത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയര്‍ന്നുവരണമെന്ന് കാനം രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്.

കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നല്‍കിയിരുന്നെന്നും വിവരമുണ്ട്. ഈ മറുപടി തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com