മുതിർന്നവർ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ മടിക്കുന്ന വിജനമായ സ്ഥലത്തേക്ക് കുട്ടി തനിയെ പോകില്ലെന്ന് നാട്ടുകാര്‍ ; മൂന്നുപേരെ ചോദ്യം ചെയ്തു, ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകം

വീടിന് 400 മീറ്റര്‍ അകലെ പള്ളിമണ്‍ ആറിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണ് ദേവനന്ദയുടെ മൃതദേഹം കണ്ടത്
മുതിർന്നവർ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ മടിക്കുന്ന വിജനമായ സ്ഥലത്തേക്ക് കുട്ടി തനിയെ പോകില്ലെന്ന് നാട്ടുകാര്‍ ; മൂന്നുപേരെ ചോദ്യം ചെയ്തു, ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകം

കൊല്ലം : കൊല്ലം ഇളവൂര്‍ കുടവട്ടൂരിലെ ആറുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ വഴിത്തിരിവായി ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. പുഴയില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്ന് ഫൊറന്‍സിക് തെളിവുകള്‍ വിരല്‍ചൂണ്ടുന്നു. വീടിന് 75 മീറ്റര്‍ ദൂരത്തുള്ള കല്‍പ്പടവില്‍ നിന്നാകാം കുട്ടി ആറ്റില്‍ പതിച്ചതെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ്, ചില ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. 

ദേവനന്ദയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ആദ്യം നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. വെള്ളിയാഴ്ച പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സമഗ്ര അന്വേഷണം നടത്തുന്നത്. ഇതിനോടകം ബന്ധുക്കളും അയല്‍ക്കാരുമടക്കം എണ്‍പതോളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. 

കുട്ടിയുടെ മരണത്തില്‍ സംശയം ഉള്ളതായാണ് ഭൂരിഭാ​ഗം പേരും മൊഴി നല്‍കിയിട്ടുള്ളത്. മുതിർന്നവർ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ മടിക്കുന്ന വിജനമായ സ്ഥലത്തേക്ക് കുട്ടി തനിയെ പോകില്ലെന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും മൊഴി. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നില്‍ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വീടിന് 400 മീറ്റര്‍ അകലെ പള്ളിമണ്‍ ആറിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണ് ദേവനന്ദയുടെ മൃതദേഹം കണ്ടത്. എന്നാല്‍, ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. വീടിന് അടുത്തുള്ള കടവില്‍ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. പള്ളിമണ്‍ ആറിന്റെ പല ഭാഗങ്ങളില്‍ നിന്നു കഴിഞ്ഞ ദിവസം ഫൊറന്‍സിക് വിദഗ്ധര്‍ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചാണു പ്രാഥമിക നിഗമനം. ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ ആറ്റില്‍ വീഴാനുണ്ടായ സാഹചര്യം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ തീവ്രശ്രമം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com