എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചു

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചാണ് 2016 ല്‍ നിയമസഭയില്‍ എത്തുന്നത്
എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി: ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. 

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചാണ് 2016 ല്‍ നിയമസഭയില്‍ എത്തുന്നത്. നാളെ വീട്ടുവളപ്പിലാണ് ശവസംസ്‌കാരം. സുമാ ദേവിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. 

ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ഒപ്പം പോകാന്‍ വിജയന്‍ പിള്ള ഒരുങ്ങിയില്ല. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.  പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി. 

ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആര്‍ എസ് പി ഇതര എം എല്‍ എ ആണ് എന്‍. വിജയന്‍ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയന്‍പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com