മുൻകരുതലുകൾ എടുത്താൽ മതി, ആറ്റുകാൽ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ല: ഗവർണർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2020 09:09 PM  |  

Last Updated: 08th March 2020 09:09 PM  |   A+A-   |  

Arif_Mohammad_Khan

 

തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ സംവിധാനം സുശക്തമാണെന്നും മുൻകരുതലുകൾ എടുത്താൽ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. 

കൊറോണയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല‌യ്ക്ക് ആളുകള്‍ ഒത്തുകൂടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലക്ഷണക്കണക്കിനാളുകള്‍ ഒത്തുകൂടുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. 

ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പൊങ്കാലയിടാന്‍ വിലക്കേർപ്പെടുത്തി. വിദേശികള്‍ക്കു ഹോട്ടലുകളില്‍തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും. ശ്വാസതടസം, ചുമ ഉള്‍പ്പെടെ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദേശിച്ചു.

ഇറ്റലി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തിനും, ഇവര്‍ പോയ ബന്ധുവീട്ടിലെ രണ്ടുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.ഫെബ്രുവരി 29 നാണ് കുടുംബം നാട്ടിലെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ ആര്‍ 126 നമ്പര്‍ (വെനീസ് ദോഹ) വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ തന്നെ ക്യൂആര്‍ 514 നമ്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നുവെന്ന് മന്ത്രി ശൈലജ പറഞ്ഞു.