ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണ്ട; ഉപാധി നീക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണ്ട; ഉപാധി നീക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം
ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണ്ട; ഉപാധി നീക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

കൊച്ചി: കേരളത്തിലെ മുഴുവന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണം എന്ന ഉപാധി നീക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. എസ് ശര്‍മ എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെയും ഓഫീസിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോളജ് യൂണിയന്‍ ഭാരവാഹിത്തത്തില്‍  പെണ്‍കുട്ടികള്‍ക്ക്  50 ശതമാനം സംവരണം ഏര്‍പ്പെടുത്തും. കൂടാതെ കോളജുകളിലെ അദ്ധ്യാപന സമയം രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാക്കി പുനക്രമീകരിക്കാനും വേണ്ട നടപടി സ്വീകരിക്കും. 

സര്‍വ്വകലാശാലകള്‍ ഏകീകൃത രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഐക്യവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗക്കാരും സഹകരിക്കാനുള്ള അവസരം വര്‍ദ്ധിക്കണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിച്ചത്.  ഈ അദ്ധ്യയന വര്‍ഷവും ബിരുദം   ബിരുദാനന്തര ബിരുദം  ക്ലാസ്സുകള്‍ ജൂണില്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

2017ല്‍ എളങ്കുന്നപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജില്‍ നിലവില്‍  ബിഎ, ബി എസ് സി, ബി.കോം കോഴ്‌സുകളാണുള്ളത്. 2017 ലാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 

എസ്. ശര്‍മ എം എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി , വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആര്‍ ആന്റണി, ഡോ. കെ. കെ. ജോഷി, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണന്‍,  ജില്ലാ പഞ്ചായത്തംഗം റോസ് മേരി ലോറന്‍സ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് , എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രസികല പ്രിയ രാജ്, മാത്യു ലിഞ്ചന്‍ റോയ്, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും എളംങ്കുന്നപ്പുഴ ഗവ. കോളേജ് മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. കെ. ജയകുമാര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുജ സൂസന്‍ മാത്യു , എളങ്കുന്നപ്പുഴ ഗവ. കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ മേരി ബെസ്സി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് ഗിരിജ ബിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com