തൊണ്ടവേദന വന്നപ്പോള്‍ ആവി പിടിക്കാന്‍ പറഞ്ഞു, പക്ഷെ ഞാന്‍ ആശുപത്രിയിലെത്തി; കൊറോണയെന്ന് ഫലം, ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് തൃശ്ശൂര്‍ക്കാരി 

25 ദിവസമാണ് എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടിവന്നത്. ചിലസമയത്ത് അത് വളരെ പ്രയാസമേറിയതുമായിരുന്നു
തൊണ്ടവേദന വന്നപ്പോള്‍ ആവി പിടിക്കാന്‍ പറഞ്ഞു, പക്ഷെ ഞാന്‍ ആശുപത്രിയിലെത്തി; കൊറോണയെന്ന് ഫലം, ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് തൃശ്ശൂര്‍ക്കാരി 


നിവരി 24-ാം തിയതിയാണ് മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ യുവതി ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തിലെത്തിയത്. സംസ്ഥാനത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതും ഈ യുവതിയിലാണ്. കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ താന്‍ ഒട്ടും പേടിച്ചില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെന്നും യുവതി പറയുന്നു. ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഈ പെണ്‍ക്കുട്ടി വിജയിച്ചത്. 

കൊച്ചിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ കൃത്യമായ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിനുപുറമേ ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്ത് റിപ്പോര്‍ട്ടും ചെയ്തു. തൃശ്ശൂരിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഗര്‍ഭിണിയായ സഹോദരന്റെ ഭാര്യയോട് അവിടെ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. മാസ്‌ക് ധരിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു യുവതി. പക്ഷെ ജനുവരി 27-ാം തിയതി തൊണ്ടവേദന അനുഭവപ്പെട്ടു. ചൈനയില്‍ നിന്ന് വരുമ്പോഴെല്ലാം പനിയും ജലദോഷവുമെല്ലാം പതിവുള്ളതാണ്. അതുകൊണ്ടുതന്നെ ബന്ധുക്കളെല്ലാം ആവി പിടിക്കാനും മറ്റും ഉപദേശിച്ചു. പക്ഷെ ഡോക്ടറെ കാണാനായിരുന്നു യുവതിയുടെ തീരുമാനം. 

'കൊറോണ വൈറസ് ആണോ അല്ലയോ എന്ന് മാത്രമായിരുന്നു എനിക്ക് അറിയേണ്ടത്', യുവതി പറഞ്ഞു. താന്‍ കൂടുതലും ചിന്തിച്ചത് മാതാപിതാക്കളെയും ബന്ധുക്കളെയും കുറിച്ചാണെന്നും അതുകൊണ്ടുതന്നെ ഒരു വ്യക്തതയില്ലാതെ വീട്ടില്‍ തുടരേണ്ടെന്ന് കരുതിയെന്നും പെണ്‍ക്കുട്ടി പറയുന്നു. 

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്താനായിരുന്നു നിര്‍ദേശം. അവിടെ അപ്പോള്‍ നാല് പേര്‍ ഐസൊലേഷനില്‍ ഉണ്ടായിരുന്നു. രക്ത സാംപിളുകളും മറ്റും പരിശോധനയ്ക്കായി അയച്ചു. ജനുവരി 30നാണ് കൊറോണയാണെന്ന സ്ഥിരീകരണം എത്തുകയും യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തത്. 

"25 ദിവസമാണ് എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടിവന്നത്. ചിലസമയത്ത് അത് വളരെ പ്രയാസമേറിയതുമായിരുന്നു. ആദ്യ രണ്ടാഴ്ച കാര്യമായ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. എല്ലാ ദിവസവും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്റെ വസ്ത്രങ്ങള്‍ എടുത്തു കത്തിച്ചു കളഞ്ഞിരുന്നു. വൈറസിന്റെ വ്യാപനം തടയാനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്റെ ഫോണ്‍ നിരന്തരം വൃത്തിയാക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ചൈനയിലായിരിക്കുമ്പോഴും ഞാന്‍ ഇത് ചെയ്തിരുന്നു. എനിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിരുന്നു", ആ ദിനങ്ങളെക്കുറിച്ച് യുവതി പറയുന്നു.

ഐസൊലേഷന്റെ പ്രാധാന്യം അറിയാമായിരുന്നെങ്കിലും കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുപോരാന്‍ കഴിയാതെവന്നിരുന്നു. പരിശോധനയ്ക്കയച്ച എന്റെ സാംപിളുകളും ഫലം വരാത്തതോര്‍ത്ത് ആശങ്കയുണ്ടായിരുന്നു. രണ്ടാഴ്ച മാത്രം ചികിത്സ തേടിയവരുടെ ഫലം പോലും അപ്പോഴേക്കും വന്നിരുന്നു. ഈ സമയം കൗണ്‍സിലര്‍മാരോട് സംസാരിച്ചത് ആശ്വാസമായി. വിഷാദം തോന്നുമ്പോഴും മറ്റും ചെയ്യാനുള്ള ബ്രീത്തിങ് എക്‌സര്‍സൈസ് അവര്‍ പറഞ്ഞുതന്നിരുന്നു. 

ഫെബ്രുവരി 20നാണ് ആശുപത്രിയില്‍ നിന്ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത്. എങ്കിലും മാര്‍ച്ച് ഒന്ന് വരെ വീട്ടില്‍ ഐസൊലേഷന്‍ തുടര്‍ന്നു. 

ഇപ്പോള്‍ വീണ്ടും സംസ്ഥാനത്ത് കൊറോണ് ഭീതി പടര്‍ത്തുമ്പോള്‍ യുവതിക്ക് പറയാനുള്ളത് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. എത്ര പെട്ടെന്ന് ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കുന്നോ അത്രയും നല്ലതെന്നാണ് യുവതിയുടെ വാക്കുകള്‍. കൃത്യ സമയത്ത് ഇടപ്പെട്ടതുകൊണ്ടാണ് തനിക്ക് വേഗം സുഖപ്പെടാനായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ സര്‍വകലാശാല നല്‍കുന്ന ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് തന്റെ പഠനം തുടരുകയാണ് യുവതിയിപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com