പൂച്ചാക്കൽ അപകടം; കാറോടിച്ചത് മദ്യ ലഹരിയിൽ, ലൈസൻസില്ലാതെ; അസം സ്വദേശി അറസ്റ്റിൽ

പൂച്ചാക്കൽ അപകടം; കാറോടിച്ചത് മദ്യ ലഹരിയിൽ, ലൈസൻസില്ലാതെ; അസം സ്വദേശി അറസ്റ്റിൽ
പൂച്ചാക്കൽ അപകടം; കാറോടിച്ചത് മദ്യ ലഹരിയിൽ, ലൈസൻസില്ലാതെ; അസം സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിൻസുക്കിയ വിമൂർഗുഡ് മുഡോയ്ഗാവ് സ്വദേശി ആനന്ദ മുഡോയ് (29) ആണ് അറസ്റ്റിലായത്. താനാണു കാർ ഓടിച്ചതെന്നും മദ്യപിച്ചിരുന്നെന്നും ഇയാൾ പൊലീസിനോടു സമ്മതിച്ചു. ഇയാൾക്കു ഡ്രൈവിങ് ലൈസൻസില്ല. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു കസ്റ്റഡിയിലെടുത്ത ആനന്ദയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സാരമായ പരുക്കില്ലാത്തതിനാൽ ഇന്നലെ തന്നെ ഇയാളെ ആശുപത്രിയിൽ നിന്നു വിട്ടയച്ചിരുന്നു. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.  

കാറിൽ ആനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി ഇടവഴീക്കൽ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചകിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചു വാഹനത്തിൽ സഞ്ചരിച്ചു കൊലപാതകത്തിനു പ്രേരിപ്പിച്ചതിനും കേസെടുത്തു. 

പൂച്ചാക്കൽ സ്റ്റേഷനിലെത്തിച്ചാണ് ആനന്ദയെ ചോദ്യം ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അസ്‍ലം എന്നാണ് ഇയാൾ പേരു പറഞ്ഞത്. രേഖകൾ പൊലീസ് പരിശോധിച്ചപ്പോഴാണു പേരും വിലാസവും വ്യക്തമായത്.

അരൂർ പള്ളിക്കു സമീപം താമസിക്കുന്ന ആനന്ദ മൂന്ന് മാസമായി പൂച്ചാക്കലിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അപകടമുണ്ടായ ചൊവ്വാഴ്ച രാവിലെ അരൂരിൽ നിന്നു സുഹൃത്തിനൊപ്പം പൂച്ചാക്കലിലെത്തി. മനോജ് ജോലി നൽകാമെന്നു പറഞ്ഞതിനുസരിച്ചാണു മദ്യപിക്കാൻ ഒപ്പം കൂടിയതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആനന്ദ പറഞ്ഞു.

കാർ ഇടിച്ചു തെറിപ്പിച്ച അനഘ, അർച്ചന, സാഗി, ചന്ദന എന്നീ വിദ്യാർഥിനികൾ സാരമായ പരുക്കുകളോടെ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കാർ ആദ്യം ഇടിച്ച അനീഷിന്റെ കൈയൊടിഞ്ഞു. മകൻ വേദവിന്റെ തലയ്ക്കു പരുക്കേറ്റു. വിദ്യാർഥിനികളെ ഇടിച്ച ശേഷം മരത്തിലിടിച്ചാണു കാർ നിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com