'അധികാരങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കരുത്' ; വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചോദിച്ചു
'അധികാരങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കരുത്' ; വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി : പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വെടിയുണ്ടകള്‍ കാണാതായതില്‍ സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചോദിച്ചു. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമര്‍ശനം. 

നിങ്ങള്‍ ഭരണഘടനാ അധികാരങ്ങള്‍ മനസ്സിലാക്കി വേണം പെരുമാറാന്‍. ഏത് സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സിഎജി ഈ റിപ്പോര്‍ട്ട് നല്‍കേണ്ടത് സംസ്ഥാന നിയമസഭയ്ക്കാണ്. നിയമസഭ പരി​ഗണിക്കുന്ന വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പോലും പരിമിതമായ അധികാരമാണുള്ളത്. റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകാനിടയായ സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. അധികാരങ്ങള്‍ മറികടന്ന് സിഎജി പ്രവര്‍ത്തിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. 

സിഎജി റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. അപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. വെടിയുണ്ട കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com