ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

'ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു'; പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിന്റെ കാര്യമായതിനാലാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. താനല്ലാതെ പിന്നെ ആരാണ് അതു പറയുക?

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന ആരോഗ്യമന്ത്രി കെകെ ശൈലജ. ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച് കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഒരുമിച്ചു നില്‍ക്കാതെ കേരളത്തിന് കൊറോണ പോലെ ഒരു മഹാമാരിയെ നേരിടാനാവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമയേത്തില്‍ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു കെകെ ശൈലജ. 

കൊറോണ പോലെ ഒരു രോഗത്തെ ആരോഗ്യമന്ത്രിക്കു മാത്രമായി നേരിടാനാവില്ല. ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ പോലും ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാനാവില്ല. ഇതില്‍ എല്ലാവരുടെയും സഹകരണം വേണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പിന്നെ ആരോഗ്യവകുപ്പിന്റെ കാര്യമായതിനാലാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. താനല്ലാതെ പിന്നെ ആരാണ് അതു പറയുക?- കെകെ ശൈലജ ചോദിച്ചു.

ഒരേ സമയം ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്. ഒരു ഭാഗത്ത് തന്നോടു മിണ്ടരുത് എന്നു പറയുന്നു, മറുഭാഗത്ത് ജനങ്ങളെ വിവരം അറിയിക്കുന്നില്ല എന്നു പറയുന്നു. എങ്ങനെയാണ് ജനങ്ങളെ വിവരം അറിയിക്കുകയെന്നു മന്ത്രി ചോദിച്ചതു. പ്രതിപക്ഷത്തിന്റെ കൂടെ സഹകരണത്തിലേ ഇത്തരമൊരു കാര്യത്തില്‍ മുന്നോട്ടുപോവാനാവൂ. എന്നാല്‍ ചെറിയ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. റാന്നിയിലെ കുടുംബത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലെ സ്‌പെല്ലിങ് തെറ്റുകളൊക്കെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു വിഷയത്തെച്ചൊല്ലിയാണ് നമ്മള്‍ തല്ലിപ്പിരിയേണ്ടതെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. 

ഇറ്റലിയില്‍നിന്നുള്ളവരെ നിരീക്ഷിക്കാന്‍ ഫെബ്രിവരി 26ന് കേന്ദ്ര സര്‍ക്കുലര്‍ ഉണ്ടായിരുന്നെന്ന പ്രതിപക്ഷത്തിന്റെ വാദം ആരോഗ്യമന്ത്രി തള്ളി. നിര്‍ബന്ധമായും ഫോം പൂരിപ്പിച്ചുവാങ്ങാന്‍ അന്ന് നിര്‍ദേശമുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ പറയുന്നതു വിശ്വസിക്കുകയേ വഴിയുള്ളൂ. മാര്‍ച്ച് നാലിനാണ് ഫോം പൂരിപ്പിച്ചുനല്‍കണമെന്ന നിര്‍ദേശം വന്നത്.- ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 26 ന് തന്നെ ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി പ്രതിപക്ഷം സഭയില്‍ പറഞ്ഞു. ഇത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചെന്നും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സഭയില്‍ ആരോപിച്ചു. 
 
ഇറ്റലിയില്‍ നിന്നു വന്ന ഒരാള്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നേരിട്ടെത്തി എന്നാല്‍ മറ്റുപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ അദ്ദേഹത്തിനിപ്പോള്‍ പ്രാഥമികമായി പോസീറ്റീവാണെന്നാണ് പരിശോധനാഫലങ്ങള്‍ വന്നിരിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com