'എടാ കൊറോണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല'; എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വിഡിയോ, വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2020 11:38 AM |
Last Updated: 13th March 2020 11:38 AM | A+A A- |

ലോകമെമ്പാടും കൊറോണ ഭീതി പടർന്നിരിക്കെ വൈറസിനെതിരെ രണ്ടു സഹോദരൻമാർ ചേർന്ന് ഒരുക്കിയ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെയാണ് വിഡിയോ കൂടുതൽ ശ്രദ്ധ നേടിയത്.
പകർച്ച വ്യാധി തടയാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. 'എടാ കൊറോണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല' എന്ന് പഞ്ച് ഡയലോഗിലാണ് വിഡിയോ അവസാനിക്കുന്നത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികളാണ് നീരജും നിരഞ്ജനും.
മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
"നീ പോടാ കൊറോണാ വൈറസേ" എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേർന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൌതുകകരമാണ്. പകർച്ച വ്യാധി തടയാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്.
"വെള്ളത്തിൽ കളിക്കരുത്" എന്ന അമ്മയുടെ വാണിംഗിന് "ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ" എന്നാണ് കുട്ടിയുടെ കൌണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.
അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജിയിലും. സ്കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ. നമ്മളിൽ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാൻ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയിൽ.
കൊറോണയ്ക്കെതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളടക്കം പങ്കു ചേരുകയാണ്.