കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീണത്, ദേവനന്ദയുടേത് മുങ്ങിമരണമെന്ന ശാസ്ത്രീയ പരിശോധനാഫലം പുറത്ത്‌

ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീണത്, ദേവനന്ദയുടേത് മുങ്ങിമരണമെന്ന ശാസ്ത്രീയ പരിശോധനാഫലം പുറത്ത്‌

കൊട്ടിയം: പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ തള്ളി ശാസ്ത്രിയ പരിശോധനാഫലം. ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമാണെന്നാണ് മെഡിക്കല്‍ കോളെജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകീട്ടോടെ അന്വേഷണ സംഘത്തിന് കൈമാറി. 

ദേവനന്ദ കാല്‍വഴുതി വെള്ളത്തില്‍ വീണതാണെന്നാണ് കണ്ടെത്തല്‍. വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചാലുണ്ടാവുന്ന സ്വാഭാവികത മാത്രമാണ് ശരീരത്തിലുള്ളത് എന്ന കാരണമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ട്ിക്കാണിക്കുന്നത്. ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും, മാതാപിതാക്കളും ബന്ധുക്കളും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇതോടെ വിപുലമായ അന്വേഷണമാണ് നടത്തിയത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ ശശികല, ഡോ സീന, ഡോ വത്സല എന്നിവരടങ്ങിയ സംഘം നെടുമ്പന പുലിയില ഇളവൂരെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്റെ സഹായത്തോടെ ആറിന്റെ ആഴങ്ങളില്‍നിന്ന് ചെളിയും വെള്ളവും ശേഖരിച്ചും പരിശോധന നടത്തി. ആറിന്റെ വിവിധ ഭാഗങ്ങളിലെ ആഴവും സംഘം പരിശോധിച്ചിരുന്നു. കുടവട്ടൂരിലെ നന്ദനം വീട്ടിലെത്തി ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാഫലവും സമഗ്രമായി വിലയിരുത്തിയാണ് സംഘം അവസാന നിഗമനത്തിലെത്തിയത്.

കുഞ്ഞ് ഒറ്റക്ക് ആറിന്റെ ഭാഗത്തേക്ക് പോവില്ലെന്ന വാദമാണ് നാട്ടുകാരും ബന്ധുക്കളും ഉന്നയിക്കുന്നത്. എങ്ങനെയാണ് കുട്ടി ആറിന്റെ ഭാഗത്ത് എത്തിയത് എന്നതിലാണ് അന്വേഷണം വേണ്ടത് എന്ന് വീട്ടുകാര്‍ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഏതറ്റം വരെയും പോവുമെന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് ചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com