കേന്ദ്രസര്‍ക്കാരിന്റേത് വട്ടുനയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആകാശത്ത് നിന്ന് വീണുകിട്ടിയ അവസരമാണ് നഷ്ടപ്പെടുത്തിയത്: തോമസ് ഐസക് 

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്
കേന്ദ്രസര്‍ക്കാരിന്റേത് വട്ടുനയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആകാശത്ത് നിന്ന് വീണുകിട്ടിയ അവസരമാണ് നഷ്ടപ്പെടുത്തിയത്: തോമസ് ഐസക് 

തിരുവനന്തപുരം:  പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. വട്ടുപിടിച്ച നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുളള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിലൂടെ നഷ്ടപ്പെടുത്തിയതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാണ്. അതിനെ മറികടക്കാന്‍ ജനങ്ങളുടെ കയ്യില്‍ പണം നല്‍കുകയാണ് വേണ്ടത്. എന്നാല്‍ വിലക്കയറ്റം ഉണ്ടാവുമെന്ന് കരുതി ഇതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ മാറിനില്‍ക്കുകയാണ്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നുമുണ്ട്. സാധാരണ ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ മറികടക്കുന്നത്. അതുകൊണ്ട് എക്‌സൈസ് തീരുവ ഉയര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം പിടിച്ചുകെട്ടാനുളള അവസരമാണ് ആകാശത്ത് നിന്ന് വീണ് കിട്ടിയത്. അത് പ്രയോജനപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഐസക് പറഞ്ഞു.

നികുതി വര്‍ധനവിന് പറ്റിയ സാഹചര്യമല്ല ഇപ്പോള്‍ നില്‍ക്കുന്നത്. വായ്പ എടുത്ത് ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കാനുളള മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. വായ്പ എടുത്തു എന്ന് പറഞ്ഞ് ഞങ്ങള്‍ ആക്ഷേപിക്കാന്‍ ഒന്നുംപോകുന്നില്ല. വായ്പ എടുത്ത് ചെലവ് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അമേരിക്ക പോലുളള രാജ്യങ്ങളും ഇതാണ് ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com