'വിപ്ലവകവി' ഡോ. പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു

കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു
'വിപ്ലവകവി' ഡോ. പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റി അംഗം, മാവേലിക്കര താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്നു പുറത്താക്കി. അതേ സ്‌ക്കൂളില്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്തിയത് പുതുശേരിയുടെ വിദ്യാര്‍ഥി ജീവിതത്തിലെ അവിസ്മരണീയമായ ഏടായി. 

വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങള്‍. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എഴുത്തച്ഛന്‍ പുരസ്‌കാരം,  2005 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും 2009 ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. വള്ളത്തോള്‍ പുരസ്‌കാരം, മഹാകവി പി അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, കണ്ണശ്ശ സ്മാരക അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com