' അച്ഛാ  വേഗം മടങ്ങി വരാം' എന്നു പറഞ്ഞു പോയി ; നിഷയ്ക്ക് പിന്നാലെ ശരണ്യയുടെ മൃതദേഹവും കണ്ടെത്തി ; മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍

ഇവരോടൊപ്പം കാണാതായ കോട്ടുകാല്‍ പുന്നക്കുളം ഷമ്മിയുടെ മകള്‍ ഷാരുവിനെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്
' അച്ഛാ  വേഗം മടങ്ങി വരാം' എന്നു പറഞ്ഞു പോയി ; നിഷയ്ക്ക് പിന്നാലെ ശരണ്യയുടെ മൃതദേഹവും കണ്ടെത്തി ; മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് വീട്ടില്‍ ശരണ്യയുടെ(20) മൃതദേഹമാണ് കണ്ടെടുത്തത്. വൈകുന്നേരം മൂന്നുമണിയോടെ അടിമലത്തുറയില്‍നിന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസിന്റെ പട്രോളിങ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

പെരുമ്പഴുതൂര്‍ ഗവ. പോളിടെക്‌നിക്കിലെ ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകളാണ് ശരണ്യ. വിഴിഞ്ഞം കിടാരക്കുഴിയില്‍ കിടങ്ങില്‍ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജയുടെയും മകള്‍ നിഷയുടെ മൃതദേഹം വെള്ളിയാഴ്ച ലഭിച്ചിരുന്നു. ഇവരോടൊപ്പം കാണാതായ കോട്ടുകാല്‍ പുന്നക്കുളം ഷമ്മിയുടെയും മായയുടെയും മകള്‍ ഷാരുവിനെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

കളിയിക്കാവിള മലങ്കര കത്തോലിക്കാ കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനിയാണ് മരിച്ച ശരണ്യ. സനിലാണ് സഹോദരന്‍. ' അച്ഛാ  വേഗം മടങ്ങി വരാം' എന്നു പറഞ്ഞാണ് മകള്‍ പോയതെന്ന് ശരണ്യയുടെ അച്ഛന്‍ വിജയന്‍ പറയുന്നു. പോകണ്ടേന്നു പറഞ്ഞുവെങ്കിലും ഉടന്‍ വരാമെന്നു പറഞ്ഞു മകള്‍ പോയെന്നു പറഞ്ഞു വിജയന്‍ വിതുമ്പി. അലര്‍ജി രോഗത്തിനു ചികിത്സ തേടിയാണ് കൂട്ടുകാരികള്‍ക്കൊപ്പം മകള്‍ ആശുപത്രിയിലേക്ക് പോയതെന്ന് കാണാതായ ഷാരുവിന്റെ പിതാവ് ഷമ്മി  പറഞ്ഞു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാര്‍ഥിനികള്‍ സ്‌കൂട്ടറില്‍ അടിമലത്തുറ കടല്‍ത്തീരത്തേക്കു പോയത്. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെത്തുടര്‍ന്ന് നിഷയുടെ വീട്ടുകാര്‍ മൊബൈല്‍ഫോണിലേക്കു വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു ആനന്ദ് വിഴിഞ്ഞം പൊലീസില്‍ പരാതിനല്‍കി.

കടലിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി വിവരം ലഭിച്ച വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ നിഷയുടെ മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

കൂട്ടുകാരികളെ കാണാതാവുകയും രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്ത സംഭവത്തില്‍ അടിമലത്തുറ തീരഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ വിഴിഞ്ഞം പൊലീസ് പരിശോധിക്കുന്നു. വാഹനം പാര്‍ക്കു ചെയ്ത ശേഷം  മൂവരും കടല്‍ത്തീരത്തു കൂടി നടക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com