കോവിഡ് 19: തിരുവനന്തപുരത്തെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍

കോവിഡ് 19: തിരുവനന്തപുരത്തെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സ്‌പെയിനില്‍ ക്യാമ്പ് കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കാണ് വൈറസ് സ്ഥീരികരിച്ചത്. ഇതോടെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 24ആയി. ഇദ്ദേഹവുമായി അടുത്തിടപഴകിയവരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നിലവില്‍ 21പേരാണ് കോവിഡ് 19ന് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 

വിദേശികളുടെ യാത്രാവിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ട്രെയിനുകളിലും ചെക്‌പോസ്റ്റുകളിലും ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചു. അടുത്ത ദിവസം മുതല്‍ പരിശോധ കാര്യക്ഷമമാക്കും. ആളുകള്‍ പുറത്തിറങ്ങുന്നതില്‍ തടസ്സമില്ലെന്നും മുന്‍കരുതലുകള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

ട്രെയിനുകളുടെ ഉള്ളില്‍ പരിശോധന നടത്തുന്നതില്‍ പരിമിതികളുള്ളതിനാല്‍, റെയില്‍വെ സേ്റ്റഷനുകളില്‍ പരിശോധന നടത്തും. റോഡുകളില്‍ വാഹനങ്ങലില്‍ പരിശോധന നടത്തുന്നതിനോട് യാത്രക്കാര്‍ സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 10944പേരാണ് നിരീക്ഷണത്തിലുള്ളത്. 10655 വീടുകളില്‍ നിരീക്ഷണത്തിലാണ്. 289പേര്‍ ആശുപത്രികളിലാണ്. ഇന്ന് രണ്ട് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ മൂന്നാറിലെ ബ്രിട്ടീഷ് പൗരനാണ്. 

നെടുമ്പാശ്ശേരിയില്‍ നിന്നും ഇയാള്‍ ഉള്‍പ്പെടെ 19അംഗം സംഘം ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് പൗരനും സംഘവും സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു.  കെടിഡിസിയുടെ മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇവര്‍ 10ാം തീയതി മുതല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് റിസോര്‍ട്ട് ഉടമകളുമായി വഴക്കിട്ടാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണ് എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിദേശികളുടെ സംഘത്തെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.രോഗബാധിതനെയും ഭാര്യയെും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

ബ്രിട്ടീഷ് പൗരനും സംഘവും ഈ മാസം ആറാം തീയതിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലില്‍ താമസിച്ചു. എട്ടാം തീയതി അതിരപ്പിള്ളി സന്ദര്‍ശിച്ചു. അതിരപ്പിള്ളി റെസിഡന്‍സിയില്‍നിന്നു പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ ചെറുതുരുത്തിയിലും എത്തി. അതിനു ശേഷമാണ് സംഘം മൂന്നാറില്‍ എത്തുന്നത്. ഇവര്‍ മൂന്നാറില്‍ എവിടെയൊക്കെ പോയെന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇവര്‍ താമസിച്ച മൂന്നാര്‍ കെടിഡിസി ടീ കൗണ്ടി അടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com