'ബ്രേക്ക് ദി ചെയിന്‍', കൊറോണയെ തടയാന്‍ ക്യാംപെയിനുമായി സര്‍ക്കാര്‍; വിശദീകരിച്ച് ആരോഗ്യ മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2020 07:06 PM  |  

Last Updated: 15th March 2020 07:07 PM  |   A+A-   |  

SHAILAJA

 

കൊച്ചി: ലോകമെമ്പാടും ഭീതിപടര്‍ത്തിയിരിക്കുന്ന കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ 'ബ്രേക്ക് ദി ചെയിന്‍' എന്ന പുതിയ ക്യാംപെയിന്‍ അവതരിപ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിലുടനീളം ഹാന്‍ഡ് ഹൈജീന്‍ ഉറപ്പാക്കാനുള്ള വലിയ ബോധവത്കരണ പരിപാടിക്കാണ് ഇതുവഴി തുടക്കമിടുന്നത്. എന്നാല്‍ ഇത് കൊറോണ തടയാനുള്ള മരുന്നല്ലെന്നും മുമ്പ് പറഞ്ഞിട്ടുള്ള മറ്റ് നിര്‍ദേശങ്ങളും ഇതോടൊപ്പം പാലിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

വൈറസ് ബാധ പിടിപെട്ടയാള്‍ മറ്റൊരാള്‍ക്ക് ഹസ്തദാനം നല്‍കിയാലോ മറ്റേതെങ്കിലും പ്രതലത്തില്‍ തൊട്ടാലോ അവിടെ വൈറസ് കടന്നുകൂടും. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം വൈറസ് പടരാന്‍ ഇടയാകും. ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള ബോധവത്കരണം ആയാണ് ബ്രേക്ക് ദി ചെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ ഹാന്‍ഡ് റബ്ബ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുന്നത് ഒരു ശീലമാക്കിയാല്‍ വൈറസിന്റെ സാധ്യത തടയാന്‍ കഴിയുമെന്നും ക്യാംപെയിനില്‍ എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ണി പൊട്ടിക്കുക എന്നത് ഒരു സ്ലോഗന്‍ ആയി ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആരോഗ്യ സെക്രട്ടറി അടക്കമുള്ളവര്‍ ക്യാംപെയിനിന്റെ ഭാഗമാണ്. സാമൂഹിക സുരക്ഷ മിഷനും ബ്രേക്കിങ് ദി ചെയിനുമായി സഹകരിക്കുന്നുണ്ട്. ആങ്കന്‍വാടി ആശാവര്‍ക്കേഴ്‌സ് എന്നിവരെയും ഇതിന്റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

താരങ്ങളടക്കമുള്ള പ്രമുഖര്‍ ഈ വിഷയത്തില്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.യുവജന സംഘടനകളും മറ്റും ഇത്തരം ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണം. ആരെയും ബലപ്രയോഗത്തിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്നും മറിച്ച് ഒരു ശീലമാക്കി മാറ്റിയെടുക്കാന്‍ പ്രയത്‌നിക്കുകയാണ് ചെയ്യേണ്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.