വിയര്‍പ്പ് തുടയ്ക്കാന്‍ തോര്‍ത്തുകള്‍ കരുതണം; അകലം പാലിക്കണം; തൊഴിലുറപ്പ് പദ്ധതിക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി സ്ഥലങ്ങളില്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ പുറപ്പെടുവിച്ചു.
വിയര്‍പ്പ് തുടയ്ക്കാന്‍ തോര്‍ത്തുകള്‍ കരുതണം; അകലം പാലിക്കണം; തൊഴിലുറപ്പ് പദ്ധതിക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍

കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി സ്ഥലങ്ങളില്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ പുറപ്പെടുവിച്ചു. തൊഴില്‍ തുടങ്ങുന്നതിന് മുന്നേയും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.

സോപ്പും കൈ കഴുകാനുള്ള വെള്ളവും പ്രവൃത്തിയിടങ്ങളില്‍ കരുതണം. ഇതിനുള്ള ചെലവ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. വീട്ടില്‍ തിരികെ എത്തിയ ശേഷവും തൊഴിലാളികള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കൈയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. 


വിയര്‍പ്പ് തുടക്കാന്‍ തോര്‍ത്ത് ഓരോരുത്തരും കയ്യില്‍ കരുതണം. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ പരസ്പരം നിശ്ചിത അകലം കഴിയുന്നത്ര പാലിക്കണം (കുറഞ്ഞത് ഒരു മീറ്റര്‍). പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരിക കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണം.

പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകളുള്ളവര്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യസഹായം തേടണം. കോവിഡ് 19 രോഗബാധയുള്ള വ്യക്തിയുമായി ബന്ധം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പ്രവൃത്തിയില്‍ നിന്നും മാറി നില്‍ക്കണം. തൊഴിലാളികള്‍ പണിയായുധങ്ങള്‍ പരസ്പരം കൈമാറരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com