4.5 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ചൂട് കൂടിയേക്കാം ;കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗ സാധ്യത ; മുന്നറിയിപ്പ് 

നഗരങ്ങളിലും റോഡുകളിലുമുള്ളവര്‍ വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു
4.5 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ചൂട് കൂടിയേക്കാം ;കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗ സാധ്യത ; മുന്നറിയിപ്പ് 

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും നഗരങ്ങളിലും റോഡുകളിലുമുള്ളവര്‍ വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. 

വൈകുന്നേരം നാലുവരെയെങ്കിലും പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തണലിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ബുധനാഴ്ച 37.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു കോഴിക്കോട് നഗരത്തിലെ ഉയര്‍ന്ന താപനില.സാധാരണ താപനിലയില്‍നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും ചൂട് കൂടാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

കെട്ടിടനിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍, തെരുവ് കച്ചവടക്കാര്‍, ഇരുചക്രവാഹന യാത്രികര്‍, ശുചിത്വ തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍ തുടങ്ങിയവര്‍ മുന്‍കരുതല്‍ പാലിക്കണം.

ധാരാളം വെള്ളംകുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും വേണം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ ചൂടുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാനിടയുണ്ട്. ഇവര്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ലെന്ന് അതോറിറ്റി അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com