കാസര്‍കോട് മാത്രം ആറുപേര്‍ക്ക്, സംസ്ഥാനത്ത് പുതുതായി 12 പേര്‍ രോഗബാധിതരെന്ന് മുഖ്യമന്ത്രി

കാസര്‍കോട്ടെ സ്ഥിതിവിശേഷം കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കാസര്‍കോട് മാത്രം ആറുപേര്‍ക്ക്, സംസ്ഥാനത്ത് പുതുതായി 12 പേര്‍ രോഗബാധിതരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന പ്രതീതി സൃഷ്ടിച്ച്, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ സ്ഥിരീകരിച്ച വിദേശ ടൂറിസ്റ്റുകള്‍ക്ക് പുറമേ കാസര്‍കോട് ആറു പേര്‍്ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. കാസര്‍കോട്ടെ സ്ഥിതിവിശേഷം കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 44165 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്. ഇന്നുമാത്രം 56 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് അയച്ച 3436 സാമ്പിളുകളില്‍ 2393 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ കാര്യം വിചിത്രമാണ്.  കോവിഡ് ബാധിച്ചയാള്‍ കരിപ്പൂര്‍ ഇറങ്ങി. ഇദ്ദേഹം പലയിടത്തും സന്ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടികളില്‍ എല്ലാം പങ്കെടുത്തു. ഇഷ്ടം പോലെ സഞ്ചരിച്ചിരിക്കുകയാണ്. കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com