കുമ്പളങ്ങിക്കാർക്ക് 'പാരയായി' കുമ്പളങ്ങി നൈറ്റ്സ്; 'കവര്' പൂക്കുന്നത് കാണാൻ ജനപ്രവാഹം

കുമ്പളങ്ങിയിൽ കവര് പൂക്കുന്നു; കൊറോണക്കാലത്തും ജനപ്രവാഹം; വലഞ്ഞ് നാട്ടുകാർ
കുമ്പളങ്ങിക്കാർക്ക് 'പാരയായി' കുമ്പളങ്ങി നൈറ്റ്സ്; 'കവര്' പൂക്കുന്നത് കാണാൻ ജനപ്രവാഹം

കൊച്ചി: കായലിൽ 'കവര്' പൂക്കുന്നത് കാണാൻ കുമ്പളങ്ങി ​ഗ്രാമത്തിലേക്ക് ജനപ്രവാഹമാണിപ്പോൾ. നിലാവുള്ള രാത്രികളിൽ കായലിൽ കാണുന്ന വൃത്താകൃതിയിലുള്ള നീലവെളിച്ചത്തെയാണ് കവര് എന്ന് വിളിക്കുന്നത്. കുമ്പളങ്ങി ​ഗ്രാമത്തിന് ഇത് പുതിയ കാഴ്ചയല്ല. പക്ഷേ ഈ കാഴ്ച ഇപ്പോൾ ​ഗ്രാമത്തിന് തലവേദനയാകുകയാണ്. കൊറോണ വിലക്കുകൾ നിലനിൽക്കെ രാത്രികാലത്ത് കൂട്ടത്തോടെ വരുന്ന ജനം നാടിന്റെ ഉറക്കം കെടുത്തുന്നു. 

നിവൃത്തിയില്ലാതെ വന്നപ്പോൾ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി കാട്ടിയാണ് ജനത്തെ വിരട്ടിയോടിച്ചത്. പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടും കവര് കാണാൻ നിന്ന 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നിലാവ് വീഴുന്ന രാത്രികളിൽ കായലിൽ കാണുന്ന മനോഹരമായ ഈ ​ഗ്രമാക്കാഴ്ച ഇന്നാട്ടുകാരല്ലാത്തവരെ പരിചയപ്പെടുത്തിയത് കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രമാണ്. ചിത്രത്തിലെ ബോണിയെന്ന കാഥാപാത്രം പെൺ സുഹൃത്തുമായി കവര് കാണാൻ പോകുന്ന രം​ഗമുണ്ട്. കായലിലെ ആ നീല വെളിച്ചം പെൺകുട്ടി കൈയിൽ കോരിയെടുക്കുന്നതും കാണാം. 

ബാക്ടീരിയ, ഫം​ഗസ് തുടങ്ങിയ സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തു വിടുന്ന പ്രതിഭാസമാണ് ഇതെന്ന് ശാസ്ത്രം പറയുന്നു. കവരുകൾ പൂത്തെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് നൂറു കണക്കിനാളുകൾ കുമ്പളങ്ങിയിലേക്ക് വരുന്നത്. രാത്രി ഏഴിന് തുടങ്ങുന്ന ജന പ്രവാഹം പുലരും ലേക്കാണ് ജനപ്രവാഹം. ഇത് നാടിന്റെ സ്വൈരം കെടുത്തുകയാണ്. 

വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്ത് ജനം കായലോരത്തേക്ക് നടന്നു നീങ്ങുന്നു. ഇവിടെ പലയിടത്തും കവരുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. 

രാത്രിയിൽ ഇരുളിലൂടെയും ജനം കൂട്ടമായി നടക്കുന്നു. പൊറുതിമുട്ടിയ നാട്ടുകാർ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. പൊലീസ് ഇടപെട്ടിട്ടും ജനങ്ങൾ പിൻമാറുകന്നില്ല. കൊറോണയുടെ കാലത്ത് ജനം കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും കവരുകൾ കാണാൻ ആരും കുമ്പളങ്ങിയിലേക്ക് വരരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉൾപ്പെടെ ചില പഞ്ചായത്ത് അം​ഗങ്ങളും രാത്രി കാവലുണ്ട്. 

പൊലീസിന് മാത്രമായി ഇവരെ കൈകാര്യം ചെയ്യാനാവില്ല. ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com