കൊറോണയെ ചെറുക്കാൻ 'തൊണ്ടിമുതൽ'; സാനിറ്റൈസർ നിർമാണത്തിന് എക്സൈസ് നൽകിയത് 5000 ലിറ്റർ സ്പിരിറ്റ്

കൊറോണയെ ചെറുക്കാൻ 'തൊണ്ടിമുതൽ'; സാനിറ്റൈസർ നിർമാണത്തിന് എക്സൈസ് നൽകിയത് 5000 ലിറ്റർ സ്പിരിറ്റ്
കൊറോണയെ ചെറുക്കാൻ 'തൊണ്ടിമുതൽ'; സാനിറ്റൈസർ നിർമാണത്തിന് എക്സൈസ് നൽകിയത് 5000 ലിറ്റർ സ്പിരിറ്റ്

തിരുവനന്തപുരം: കൊറോണ ബാധ തടയുന്നതിനുള്ള പ്രധാന അണുനാശിനിയായ സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാൻ സഹായിക്കുന്നത് എക്‌സൈസിന്റെ കൈവശമുള്ള തൊണ്ടിമുതലായ സ്പിരിറ്റ്. സാനിറ്റൈസർ നിർമാണത്തിനായി വിവിധ കേസുകളിലായി എക്സൈസ് പിടികൂടിയ 4978 ലിറ്റർ സ്പിരിറ്റാണ് കൈമാറിയത്. ഐസൊലേഷൻ വാർഡുകളടക്കം ശുചീകരിക്കാൻ സഹായം തേടിയ ആരോഗ്യ വകുപ്പിന് 2568 ലിറ്റർ സ്പിരിറ്റും എക്സൈസ് നൽകി. 

വാണിജ്യാവശ്യങ്ങൾക്കുള്ള ഐസോപ്രൊപ്പനോൾ, അല്ലെങ്കിൽ മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോളുമാണ് (എത്തനോൾ) സാനിറ്റൈസറിന്റെ പ്രധാന ചേരുവകൾ. ഐസോപ്രൊപ്പനോളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്ത് മൂന്ന് കമ്പനികൾക്ക് മാത്രമാണ് സാനിറ്റൈസർ നിർമാണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ അനുമതിയുള്ളത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉപഭോഗം വർധിച്ചതോടെ ആവശ്യത്തിന് സാനിറ്റൈസറുകൾ കിട്ടാതായി. ഐസോപ്രൊപ്പനോൾ വിതരണം ചെയ്തിരുന്ന കമ്പനികൾ വില ഇരട്ടിയാക്കി. ആദ്യം സാനിറ്റൈസർ നിർമിച്ച കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ലിറ്ററിന് 140 രൂപയ്ക്കാണ് ഐസോപ്രൊപ്പനോൾ ലഭിച്ചത്. എന്നാൽ, വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഒരു ലിറ്ററിന് വില 350 ആയി ഉയർന്നു. ഇതോടെയാണ് എക്‌സൈസിന്റെ സഹായം തേടിയത്. എക്‌സൈസ് പിടികൂടുന്ന സ്പിരിറ്റ് കോടതി വഴി സാക്ഷ്യപ്പെടുത്തിയ ശേഷം വിൽക്കുകയായിരുന്നു പതിവ്. അതിനാൽ പഴയതു പോലെ വൻ ശേഖരം ഉണ്ടായിരുന്നില്ല.

കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് (കെഎസ്ഡിപി) സാനിറ്റൈസർ നിർമാണത്തിന് സ്പിരിറ്റ് വാങ്ങാൻ എക്‌സൈസ് വ്യാഴാഴ്ച അനുമതി നൽകി. സംസ്ഥാനത്തെ ഏക സ്പിരിറ്റ് നിർമാണ യൂണിറ്റായ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസിൽ നിന്നുമാണ് സ്പിരിറ്റ് എത്തിക്കുന്നത്. 1.5 ലക്ഷം ലിറ്റർ സ്പിരിറ്റിനുള്ള അനുമതിയാണ് തേടിയത്. ആദ്യപടിയായി 10,000 ലിറ്റർ സ്പിരിറ്റ് എത്തിക്കാൻ പെർമിറ്റ് നൽകി. ഇതുപയോഗിച്ച് ഉടൻതന്നെ സാനിറ്റൈസർ വിപണിയിലെത്തിക്കുമെന്ന് കെഎസ്ഡിപി ചെയർമാൻ സിബി ചന്ദ്രബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com