ലീഗ് അംഗം കൂറുമാറി, അവിശ്വാസം പാസ്സായി ; കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പുറത്ത്

55 അംഗ നഗരസഭയില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്
ലീഗ് അംഗം കൂറുമാറി, അവിശ്വാസം പാസ്സായി ; കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പുറത്ത്

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. മുസ്ലിം ലീഗ് അംഗവും കക്കാട് വാര്‍ഡ് കൗണ്‍സിലറുമായ കെ പി എ സലിം കൂറുമാറി അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. 

55 അംഗ നഗരസഭയില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മേയര്‍ അടക്കം നാല് യുഡിഎഫ് അംഗങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. വൈകി എത്തിയതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. നേരത്തെ ഇടതുപക്ഷത്തായിരുന്ന കോണ്‍ഗ്രസ് വിമതനായ രാഗേഷ്, സമീപകാലത്താണ് യുഡിഎഫ് ക്യാമ്പിലേക്ക് കൂറുമാറിയത്. ഇതേത്തുടര്‍ന്നാണ് എല്‍ഡിഎഫ് രാഗേഷിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. 

കഴിഞ്ഞ രണ്ടുമാസമായി സലിം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. യുഡിഎഫ് നല്‍കിയ വിപ്പ് സലിം കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് യുഡിഎഫ് സലിമിന്റെ വീടിന് മുന്നില്‍ വിപ്പ് പതിപ്പിക്കുകയായിരുന്നു. 

സലിമിനെ സിപിഎം വാഗ്ദാനം നല്‍കി കൂറുമാറ്റുകയായിരുന്നു. സലിമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പിഎ മജീദ് ആരോപിച്ചു. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍ക്ക് വീഴ്ച പറ്റിയതായി പി കെ രാഗേഷ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com