100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; വാങ്ങിക്കൂട്ടിയത് നിരവധി സ്ഥലങ്ങളും ആഡംബര ബസുകളും; പ്രധാന പ്രതി അറസ്റ്റിൽ

100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; വാങ്ങിക്കൂട്ടിയത് നിരവധി സ്ഥലങ്ങളും ആഡംബര ബസുകളും; പ്രധാന പ്രതി അറസ്റ്റിൽ
100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; വാങ്ങിക്കൂട്ടിയത് നിരവധി സ്ഥലങ്ങളും ആഡംബര ബസുകളും; പ്രധാന പ്രതി അറസ്റ്റിൽ

കൊച്ചി: നൂറു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ. കേരള ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന, പത്തനംതിട്ട ചൂരക്കോട് സ്വദേശി ഉണ്ണിക്കൃഷ്ണൻ (56) ആണ് അറസ്റ്റിലായത്.

സെൻട്രൽ പൊലീസാണ് ഇയാളെ അറസറ്റ് ചെയ്തത്. എറണാകുളം അസി. കമ്മിഷണർ കെ ലാൽജി, സെൻട്രൽ ഇൻസ്പെക്ടർ എസ് വിജയ ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.  

പൊലീസ് പറയുന്നത്- സർക്കാർ സ്ഥാപനത്തിന്റെ പേരിനോടു സാമ്യം തോന്നുന്ന വിധത്തിലാണു സ്ഥാപനം തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി 29 ശാഖകളുണ്ട്. 14ശതമാനം പലിശയ്ക്കു സ്ഥിര നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു പെൻഷൻ ആകുന്നവരെയാണു പ്രധാനമായും വലയിലാക്കിയത്.

വിരമിക്കുമ്പോൾ ലഭിക്കുന്ന തുക  നിക്ഷേപിച്ചാൽ ഓരോ മാസവും ശമ്പളം പോലെ ഒരു തുക തിരികെ നൽകുമെന്നു തെറ്റിദ്ധരിപ്പിച്ചു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, ഷിപ്‌യാഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു പെൻഷൻ പറ്റിയ പലരും കെണിയിൽ പെട്ടു. ആറ് ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.  

ആദ്യ മാസങ്ങളിൽ കൃത്യമായി പലിശ കൊടുത്ത് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുകയും ഇവരിലൂടെ കൂടുതൽ പേരുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്യും. കൃത്യ സമയത്തു പലിശ ലഭിക്കാതായതോടെ, പരാതിയുയർന്നു. ഒന്നര വർഷം മുൻപ് ശാഖകളെല്ലാം അടച്ചുപൂട്ടി. പല തവണ പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു.

പ്രതി  തൊടുപുഴയിൽ ഉണ്ടെന്ന് വ്യാഴാഴ്ച വിവരം ലഭിച്ചു. തൊടുപുഴ കോലാനിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു ഇയാൾ. പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും തന്ത്രപൂർവം പിടികൂടി. നിക്ഷേപകരുടെ പണം ഉപയോഗിച്ചു തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും ഭൂമിയും സ്ഥലങ്ങളും ആഡംബര യാത്രാ ബസുകളും മറ്റും വാങ്ങിക്കൂട്ടിയിട്ടുണ്ട്. 

ഇയാൾക്കെതിരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 17 കേസുകളുണ്ട്. നോർത്ത്, ഹിൽപാലസ് സ്റ്റേഷനുകളിൽ ഓരോ കേസും ആലപ്പുഴയിൽ 12 കേസും ചേർത്തലയിലും തിരുവനന്തപുരത്തും രണ്ട് വീതം കേസുകളും നിലവിലുണ്ട്. സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൃഷ്ണൻ നായരെയും എറണാകുളം ബ്രാഞ്ച് മാനേജർ ഗോപാലകൃഷ്ണനെയും സെൻട്രൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com