വട്ടു ​ഗുളികയുടെ ലഹരിയിൽ നാല് യുവാക്കളുടെ പരാക്രമം; ആളുകളെ വെട്ടി, വീട് തല്ലിത്തകർത്തു, പടക്കമെറിഞ്ഞു; അറസ്റ്റ്

വട്ടു ​ഗുളികയുടെ ലഹരിയിൽ നാല് യുവാക്കളുടെ പരാക്രമം; ആളുകളെ വെട്ടി, വീട് തല്ലിത്തകർത്തു, പടക്കമെറിഞ്ഞു; അറസ്റ്റ്
വട്ടു ​ഗുളികയുടെ ലഹരിയിൽ നാല് യുവാക്കളുടെ പരാക്രമം; ആളുകളെ വെട്ടി, വീട് തല്ലിത്തകർത്തു, പടക്കമെറിഞ്ഞു; അറസ്റ്റ്

തൃശൂർ: മയക്കു മരുന്നായ വട്ടു ഗുളികയുടെ ലഹരിയില്‍ വീട് തല്ലിത്തകർത്ത് നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച നാല് യുവാക്കൾ അറസ്റ്റില്‍. ഇടുക്കി പഞ്ഞിലണ്ടാകുഴി ആല്‍ബര്‍ട്ട് (22), മൂര്‍ക്കനാട് കരത്തുപറമ്പില്‍ അനുമോദ് (19), അരിപ്പാലം നടുവത്തുപറമ്പില്‍ വിനു സന്തോഷ് (23), അടിമാലി മഞ്ഞലിപടവില്‍ ആശംസ് (19) എന്നിവരാണ് ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. 

വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാറിലെത്തിയ നാലം​ഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.  മൂര്‍ക്കനാട് പുറക്കാട്ടുകുന്ന്, കാറളം, എടക്കുളം എന്നിവിടങ്ങളിലായിരുന്നു ഇവരുടെ പരാക്രമം. എടക്കുളം വലിയ പാലത്തിന് സമീപത്ത് താമസിക്കുന്ന ഇളയേടത്ത് വത്സലയുടെ വീട്ടില്‍ മാരകായുധങ്ങളുമായി കയറിച്ചെന്ന സംഘം അവിടെയുള്ളവരുടെ  നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഈ സമയം വത്സല വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പൊറത്തിശ്ശേരി പുല്ലംവളപ്പില്‍ വീട്ടില്‍ ജിബിന് (26) വെട്ടേറ്റു. കൈയ്ക്കും കാലിനും വെട്ടേറ്റ ജിബിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടു പോയി. 

പിന്നീട് കാറളത്തുവെച്ച് തൈവളപ്പില്‍ വീട്ടില്‍ സജീവനെ (48) വെട്ടി പരിക്കേല്‍പ്പിച്ചു. പത്ത് മണിയോടെ ഇരിങ്ങാലക്കുട മൂര്‍ക്കനാട് പുറക്കാട്ടുകുന്നിലെത്തിയ സംഘം പടക്കം എറിഞ്ഞ ശേഷം നമ്പിളിപുറത്ത് വീട്ടില്‍ അഖിലി (28) നെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന അഖിലിന്റെ അമ്മ വത്സല (52)യ്ക്കും വെട്ടേറ്റു.

അഖിലിന് തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ചെന്ന വത്സലയ്ക്ക് കൈക്കാണ് വെട്ടേറ്റത്. അഖിലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അമ്മയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി.

പുലര്‍ച്ചെ ഒന്നരയോടെ എടക്കുളത്ത് വീണ്ടും തിരിച്ചെത്തിയ സംഘം ഇളയേടത്ത് വത്സലയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് വാതിലും വീടിനകത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു. 

ഇരിങ്ങാലക്കുട എസ്ഐ പിജി അനൂപിന്റേയും കാട്ടൂര്‍ എസ്ഐ വിവ വിമലിന്റേയും നേതൃത്വത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വെള്ളാങ്ങല്ലൂരില്‍ നിന്ന് അക്രമികളെ പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും മാരകായുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മുമ്പും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നും കഞ്ചാവ് മാഫിയാ സംഘമാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com