സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കാസര്‍കോട്ട് കടകള്‍ തുറന്നു ; കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു ;10 പേര്‍ക്കെതിരെ കേസ് ; ജില്ലയില്‍ കനത്ത ജാഗ്രത

കാസര്‍കോട് ജില്ലയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടാഴ്ചത്തേക്ക് തുറക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസര്‍കോട് : കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ രാവിലെ കടകള്‍ തുറന്നു. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ല കളക്ടര്‍ സജിത് ബാബു തന്നെ നേരിട്ട് ഇറങ്ങി കടകള്‍ അടപ്പിച്ചു. മില്‍മ പാല്‍ വിതരണം ഒഴിച്ച് ഒരു കടകളും പ്രവര്‍ത്തിക്കരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിന് 10 പേര്‍ക്കെതിരെ  കേസെടുത്തു. വിദ്യാനഗര്‍ പൊലീസാണ് 10 കടക്കാര്‍ക്കെതിരെ കേസെടുത്തത്. രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുമണി വരെ മാത്രമേ കടകള്‍ തുറക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിര്‍ദേശം ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് എന്നന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്യുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ജില്ലയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടാഴ്ചത്തേക്ക് തുറക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടു. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. നിരീക്ഷണത്തില്‍ ഉള്ളവര്‍ പോലും കുടുംബവുമായി ഇടപഴകുന്നു. ഇത്തരം നടപടികള്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടി വരുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com