ഹോം ക്വാറന്റീന്‍ ലംഘിച്ച് കുടുംബത്തോടൊപ്പം 'കറങ്ങി' ; യുവതിക്കെതിരെ കേസ്, ഐസൊലേഷനില്‍

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് വീടുകളിലെത്തി ആളുകളെ താക്കീത് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് നിലമ്പൂര്‍ മമ്പാട് സ്വദേശിനിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 16ന് ബഹ്‌റൈനില്‍നിന്നു നാട്ടിലെത്തിയ ഇവരോടു 14 ദിവസം വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. 

എന്നാല്‍ നിര്‍ദേശം ലംഘിച്ച് ഇന്നലെ യുവതി കോഴിക്കോട്ടെ ബാലുശ്ശേരിയിലേക്കു യാത്ര ചെയ്യുകയായിരുന്നു.  കുടുംബാംഗത്തിനൊപ്പം സ്വകാര്യ വാഹനത്തില്‍ ഇവര്‍ യാത്ര തിരിച്ച വിവരം നാട്ടുകാരാണ് ആരോഗ്യ വകുപ്പിനെയും പൊലീസിനെയും അറിയിച്ചത്. 

തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. കേസ് റജിസ്റ്റര്‍ ചെയ്തശേഷം ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.  അതിനിടെ കരുവാരകുണ്ടില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് വീടുകളിലെത്തി ആളുകളെ താക്കീത് ചെയ്തു.

അടുത്തിടെ വിദേശത്തു നിന്നെത്തിയ 156 പേരാണു പ്രദേശത്തു നിരീക്ഷണത്തിലുളളത്. ഇവര്‍ പുറത്തിറങ്ങുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി മുന്നറിയിപ്പ് നല്‍കിയത്.  കോവിഡുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 1888, 269, 270 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com