'എനിക്ക് കൊറോണയില്ല; വീടിന് പുറത്തിറങ്ങൂ; എന്ത് നടപടി വേണമെങ്കിലും സ്വീകരിച്ചോളൂ'; തട്ടിക്കയറി ഗള്‍ഫില്‍ നിന്നെത്തിയ ആള്‍

സംഭവത്തിനു പിന്നാലെ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു
'എനിക്ക് കൊറോണയില്ല; വീടിന് പുറത്തിറങ്ങൂ; എന്ത് നടപടി വേണമെങ്കിലും സ്വീകരിച്ചോളൂ'; തട്ടിക്കയറി ഗള്‍ഫില്‍ നിന്നെത്തിയ ആള്‍

കൊല്ലം: ഗള്‍ഫില്‍ നിന്നെത്തിയ ആളുടെ വീട്ടില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായി പരാതി. നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയതാണ് പ്രകോപനത്തിനു കാരണം. തനിക്ക് കൊറോണ രോഗം ഇല്ലെന്നു പറഞ്ഞായിരുന്നു ഇയാള്‍ തര്‍ക്കം തുടങ്ങിയത്. 

വീടിനു പുറത്തിറങ്ങാന്‍ ആരോഗ്യപ്രവര്‍ത്തകരോട് ഗൃഹനാഥന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്ത് നടപടി വേണമെങ്കിലും സ്വീകരിച്ചോളാനും ഇയാള്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. സംഭവത്തിനു പിന്നാലെ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം.

മാര്‍ച്ച് 14നാണ് ഇവര്‍ വിദേശത്തുനിന്നെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് കുണ്ടറയിലേക്ക് എത്തിയത്. കൊല്ലം, കുണ്ടറ തുടങ്ങി വിവിധയിടങ്ങളിലും മാളുകളിലും ഇവര്‍ പോയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വീട്ടിലേക്ക് എത്തിയത്. 

ഇതിന് തലേദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു കാരണവശാലും പുറത്തേക്കു പോകരുതെന്നും പതിനാലുദിവസം വീട്ടില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഈ നിര്‍ദേശം പാലിച്ചില്ല. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് തനിക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും തനിക്ക് കൊറോണയില്ലെന്നും ഇയാള്‍ പറയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com