സംസ്ഥാനം കനത്ത ജാഗ്രതയില്‍; പ്രതിരോധം തീര്‍ത്ത് ജനതാ കര്‍ഫ്യൂ; സമ്പൂര്‍ണം; നിശ്ചലം

അവശ്യസേവനം ഒഴികെ എല്ലാം മുടക്കം - കോവിഡിനെ ചെറുക്കാന്‍ ജനതാ കര്‍ഫ്യുവുമായി രാജ്യം
സംസ്ഥാനം കനത്ത ജാഗ്രതയില്‍; പ്രതിരോധം തീര്‍ത്ത് ജനതാ കര്‍ഫ്യൂ; സമ്പൂര്‍ണം; നിശ്ചലം


തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ  ആരംഭിച്ചു. കോവിഡ് 19
രോഗപ്രതിരോധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി രാജ്യമാകെ സ്തംഭിച്ചു. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ വീടുകളില്‍ത്തന്നെ തങ്ങണമെന്നാണ് നിര്‍ദേശം.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കര്‍ഫ്യൂ സംസ്ഥാനത്തും കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.

കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍, കടകള്‍ തുടങ്ങിയവ ഉണ്ടാകില്ല. മാഹിയിലും േെപട്രാള്‍ പന്പ് പ്രവര്‍ത്തിക്കില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം.

ഒന്നിലധികം ദിവസം യാത്രയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് തീവണ്ടികള്‍ ഓടും. കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമേ ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കൂ.

തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളില്‍ 31 വരെ പ്രവേശനമില്ല. സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലെ ഭരണി മഹോത്സവത്തിന് തിരക്കൊഴിവാക്കാന്‍ 22 മുതല്‍ 29 വരെ താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹൈക്കോടതിയില്‍ അടിയന്തരപ്രാധാന്യമുള്ള ഹര്‍ജികളേ പരിഗണിക്കൂ. അല്ലാത്തവ വേനലവധിക്കുശേഷം. സംസ്ഥാന ലോട്ടറി വില്‍പ്പന 31 വരെയില്ല. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ആയിരം രൂപവീതം നല്‍കും.

മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അര്‍പ്പിച്ചവര്‍ക്ക് നന്ദിപറയാനായി വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റ് നീക്കിവെക്കാം. ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, സാമൂഹികപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, റെയില്‍വേവിമാന ജോലിക്കാര്‍, പൊലീസുദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിസ്സ്വാര്‍ഥ സേവനങ്ങള്‍ക്ക് ആദരംനല്‍കാന്‍ വീട്ടിനുള്ളിലോ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങള്‍കൊട്ടിയോ ആണ് നന്ദി പറയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com