ഇനി അഭ്യര്‍ത്ഥനയും റൂട്ട്മാപ്പും ഇല്ല, നടപടി മാത്രം; കാസര്‍കോട് ജില്ല 'നന്നാവുമെന്ന്' ജില്ലാ കളക്ടര്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടപടികള്‍ കടുപ്പിച്ച് ജില്ലാ കളക്ടര്‍
ഇനി അഭ്യര്‍ത്ഥനയും റൂട്ട്മാപ്പും ഇല്ല, നടപടി മാത്രം; കാസര്‍കോട് ജില്ല 'നന്നാവുമെന്ന്' ജില്ലാ കളക്ടര്‍

കാസര്‍കോട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടപടികള്‍ കടുപ്പിച്ച് ജില്ലാ കളക്ടര്‍. നിലവില്‍ തന്നെ നിയന്ത്രണങ്ങള്‍ മൂലം ഏറെ കുറെ നിശ്ചലമായ ജില്ലയില്‍ മുന്‍കരുതലിന്റെ ഭാഗമായി നടപടികള്‍ ഒരുപടി കൂടി കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഇനിമുതല്‍ അഭ്യര്‍ത്ഥന ഉണ്ടാവില്ലെന്നും നടപടി മാത്രമായിരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

നിരീക്ഷണത്തിലിരിക്കുന്നവരില്‍ നിരവധിപ്പേര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചത് മൂലം നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനം അഭിമുഖീകരിച്ചത്. റൂട്ടമാപ്പ് തയ്യാറാക്കി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഒന്നടങ്കം കണ്ടെത്തുക എന്നതാണ് ദുഷ്‌കരമായ ദൗത്യം. കാസര്‍കോട്ടും നിരീക്ഷണത്തിലിരുന്ന ആള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചത് മൂലം മറ്റു ജില്ലകളെ അപേക്ഷിച്ച് ഇവിടെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നടപടികള്‍ ഒരുപടി കൂടി ജില്ലാ ഭരണകൂടം കടുപ്പിച്ചത്.

ഇനി അഭ്യര്‍ത്ഥനയൊന്നുമില്ലെന്നും റൂട്ട്മാപ്പ് ഇല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കടകള്‍ 11 മണിമുതല്‍ അഞ്ചുമണി വരെ തുറക്കും. ഈസമയത്ത് തുറക്കാന്‍ തയ്യാറാവാത്തവരുടെ കടകള്‍ നിര്‍ബന്ധിച്ച് തുറപ്പിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപടിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

നടപടികള്‍ കടുപ്പിച്ചതോടെ ഇനി ജില്ലയുടെ സ്ഥിതി നന്നാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ കളക്ടര്‍. ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവം. വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആശുപത്രിയിലേക്കെങ്കിലും രേഖ കാണിക്കണം. അനാവശ്യമായി റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ചെന്നും കളക്ടര്‍ സജിത്ത് ബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com