കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടും, മൂന്ന് ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍; ബാറുകള്‍ അടച്ചിടും

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം
കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടും, മൂന്ന് ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍; ബാറുകള്‍ അടച്ചിടും

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം. കൊറോണ സ്ഥിരീകരിച്ച ജില്ലകളില്‍ സ്ഥിതിഗതികള്‍ ഗുരുതരമായ കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു.  ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായതെന്നാണ് വിവരം. എങ്കിലും കാസര്‍കോട്ടിന്റെ സ്ഥിതി കണക്കിലെടുത്ത് ജില്ല പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. കാസര്‍കോട് മാത്രം 19 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ആരും വീടിന്റെ പുറത്ത് ഇറങ്ങരുത്. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കും.

സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയ്ക്കാനാണ് തീരുമാനം. കാസര്‍കോട് ഒഴികെ മറ്റു ജില്ലകളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കില്ല. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ബിവറേജസുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയുളളൂ.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഉണ്ട്. ഇത് കണക്കിലെടുത്ത് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com