ട്രെയിനുകൾ നിർത്തിയിടാൻ സ്ഥലമില്ല; ആശങ്കയിൽ അധികൃതർ

ഡിപ്പോകളിൽ പിടിക്കാത്ത തീവണ്ടികൾ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം
ട്രെയിനുകൾ നിർത്തിയിടാൻ സ്ഥലമില്ല; ആശങ്കയിൽ അധികൃതർ

കൊച്ചി; കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ ട്രെയിൻ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി മുഴുവൻ ട്രെയിനുകളും നിർത്തിയിട്ടതോടെ കേരളത്തിലെ ഡിപ്പോകളിൽ വണ്ടിയിടാൻ സ്ഥലമില്ല. ഡിപ്പോകളിൽ പിടിക്കാത്ത തീവണ്ടികൾ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം. പിറ്റ്‌ലൈൻ ഉള്ള ഡിപ്പോകളിൽ വണ്ടി ശുചീകരണമടക്കം ഇപ്പോൾ നടക്കുകയാണ്.

മുൻപ് പ്രളയ സമയത്താണ് കേരളത്തിലെ ട്രെയിൻ സർവീസ് ഭാ​ഗീകമായി നിർത്തിവെച്ചിരുന്നു. എന്നാൽ മുഴുവൻ വണ്ടികളും പിടിച്ചിടുന്നത് ആദ്യമായിട്ടായതിനാൽ ഉദ്യോഗസ്ഥർ എന്തുചെയ്യണം എന്നറിയാത്ത ആവസ്ഥയിലാണ്. 10 ദിവസം തുടർച്ചയായി ഓടാതിരിക്കുമ്പോൾ ഇത്രയും വണ്ടികൾ എവിടെ നിർത്തിയിടും എന്നാണ് ആശങ്ക. പാസഞ്ചർ, മെമു സർവീസുകൾക്ക് പുറമേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 20 എക്‌സ്‌പ്രസ്, മെയിൽ വണ്ടികളാണ് സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടത്. മറ്റു ഡിവിഷനുകളിൽനിന്ന് ശനിയാഴ്ച പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിയവയ്ക്കും സ്ഥലംവേണം. 

ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 55 വണ്ടികൾ ഇനി ഡിപ്പോകളിലും സ്‌റ്റേഷനിലും കിടക്കും. പാലക്കാട് 11 വണ്ടികളാണ് പുറപ്പടുന്നവ. മധുര എട്ട്, തൃശിനാപ്പള്ളി എട്ട്, സേലം ആറ് എന്നിങ്ങനെയാണ് കണക്ക്. കൊങ്കൺ റെയിൽവേയുടെ നാല് എക്‌സ്‌പ്രസ് വണ്ടികളും പാസഞ്ചറുകളും മഡ്‌ഗോവയിൽ നിർത്തിയിട്ടു. മംഗളൂരു സെൻട്രലിലും ജംക്‌ഷനിലും സെൻട്രൽ റെയിൽവേയുടെ വണ്ടികളടക്കം വെക്കണം.

അതിനിടെ റെയിൽവേ സ്റ്റേഷനുകൾ പൂർണമായി അടച്ചു. യാത്രക്കാരും റെയിൽവേ ജീവനക്കാരും ഇനി പ്രവേശിക്കരുതെന്ന ഉത്തരവ് ഡിവിഷനുകളിൽ എത്തി. കമേഴ്‌സ്യൽ മേലുദ്യോഗസ്ഥർ അടക്കം പുറത്തിറങ്ങാതെ വീട്ടുനിരീക്ഷണത്തിൽ കഴിയണം. അടിയന്തരസാഹചര്യം വന്നാൽ ഉയർന്ന ഉദ്യോഗസഥരെ ബന്ധപ്പെടാനാണ് അറിയിപ്പുള്ളത്. റിസർവേഷൻ, കാറ്ററിങ്, പാഴ്‌സൽബുക്കിങ് അടക്കം നിർത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com