മദ്യവില്‍പ്പന: ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുവെന്ന് മുഖ്യമന്ത്രിയോട് വിടി ബല്‍റാം

മദ്യലഭ്യതയുടെ ഔദ്യോഗിക ചാനല്‍ അടച്ചാല്‍ വ്യാജമദ്യത്തിന്റേതായ മറ്റ് സമാന്തരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമായിരിക്കും
മദ്യവില്‍പ്പന: ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുവെന്ന് മുഖ്യമന്ത്രിയോട് വിടി ബല്‍റാം

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ എംഎല്‍എ വിടി ബല്‍റാം. നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തല്‍ക്കാലം ഒന്നോ രണ്ടോ ആഴ്ച അടച്ചിടാനാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, അല്ലാതെ കേരളത്തില്‍ കാലാകാലത്തേക്ക് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിക്കാനല്ലെന്ന് ബല്‍റാം പറഞ്ഞു. അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഹോം ഡെലിവറി സംവിധാനങ്ങള്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ നേരിട്ട് ഏര്‍പ്പെടുത്തുന്നതിലും ആര്‍ക്കും വിരോധമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുറത്തുവിട്ട നോട്ടിഫിക്കേഷന്‍ പ്രകാരം അവശ്യസര്‍വീസുകള്‍ എന്ന വിഭാഗത്തിലാണ് ബിവറേജസ് ഉള്ളത്. അതിനാല്‍ ബെവ്‌കോ പ്രവര്‍ത്തനത്തെ ഒഴിവാക്കാനാവില്ല. ബെവ്‌കോയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിരവധി സാമൂഹ്യപ്രത്യാഘാതങ്ങളിലേക്ക് നയിക്കും. അതിനാല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ സുരക്ഷാക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തല്‍ക്കാലം ഒന്നോ രണ്ടോ ആഴ്ച അടച്ചിടാനാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, അല്ലാതെ കേരളത്തില്‍ കാലാകാലത്തേക്ക് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിക്കാനല്ല. അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഹോം ഡെലിവറി സംവിധാനങ്ങള്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ നേരിട്ട് ഏര്‍പ്പെടുത്തുന്നതിലും ആര്‍ക്കും വിരോധമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഇതിനെന്ത് സാമൂഹ്യ പ്രത്യാഘാതമുണ്ടാകുമെന്നാണ് കേരള മുഖ്യമന്ത്രി ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്!

മദ്യലഭ്യതയുടെ ഔദ്യോഗിക ചാനല്‍ അടച്ചാല്‍ വ്യാജമദ്യത്തിന്റേതായ മറ്റ് സമാന്തരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമായിരിക്കും, പക്ഷേ അതിന് അതിന്റേതായ സമയമെടുക്കും. അതല്ലാതെ ഇന്ന് രാത്രി മദ്യഷാപ്പ് അടച്ചാല്‍ നാളെ രാവിലെ മുതല്‍ ഇവിടെ വ്യാജമദ്യം ഒഴുകും എന്നാണോ സര്‍ക്കാരിന്റെ വാദം? അങ്ങനെയാണെങ്കില്‍പ്പിന്നെ ഖജനാവിലെ പണമുപയോഗിച്ച് ഈ എക്‌സൈസ് വകുപ്പിനെ തീറ്റിപ്പോറ്റുന്നത് എന്തിനാണ്?

സംസ്ഥാനാതിര്‍ത്തികള്‍ പോലും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, 144 പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്ന അവസ്ഥയില്‍, പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നിലയ്ക്കുകയും സ്വകാര്യ വാഹനങ്ങള്‍ പോലും റോഡുകളില്‍ പരിമിതമാവുകയും ചെയ്യുന്ന അവസ്ഥയില്‍, ജനങ്ങള്‍ പരസ്പരം മോണിറ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂടി മിനിമം ജാഗ്രതയും ഉത്തരവാദിത്തബോധവും കാണിക്കുകയാണെങ്കില്‍ ഇവിടെ ഒരു വ്യാജമദ്യവും ഒഴുകാന്‍ പോകുന്നില്ല. ഇത്രയേറെ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് വ്യാജമദ്യം ആളുകളിലേക്കെത്തിക്കാന്‍ ലാഭകരമായ ഒരു സപ്ലൈ ചെയിന്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു മദ്യമാഫിയക്കും കഴിയുകയുമില്ല.

അതുകൊണ്ട് സാമൂഹ്യ പ്രത്യാഘാതത്തിന്റെ കപട വായ്ത്താരികള്‍ കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കണ്ട. ഇത് നിങ്ങളുടെ ലാഭക്കൊതിയുടെ മാത്രം പ്രശ്‌നമാണ്. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ക്രൂരമായ ലാഭക്കൊതി. എത്ര പുച്ഛിച്ച് ചിരിച്ച് തള്ളിയാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളിതിന് കണക്ക് പറയേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com