മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു; കോവിഡ് ബാധിത ജില്ലകള്‍ അടച്ചിട്ടേക്കും

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു; കോവിഡ് ബാധിത ജില്ലകള്‍ അടച്ചിട്ടേക്കും

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അവയ്‌ലബിള്‍ ക്യാബിനറ്റില്‍ തലസ്ഥാനത്തുള്ള മന്ത്രിമാര്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടുന്നതിനെപ്പറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 

സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസര്‍കോട് ലോക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. അതിനൊപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.

കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിര്‍ദേശം നല്‍കി. എല്ലാ പൊതു,സ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്. 

സംസ്ഥാനത്ത് ഇന്നലെ പതിനഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67 ആയി. ഇവരില്‍ 64 പേരാണ് ചികിത്സയിലുള്ളത്. 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയവരാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com