മദ്യദുരന്തം ഉണ്ടാകുന്നതുപോലെ എന്തുകൊണ്ടാണ് 'ചായദുരന്തം' ഉണ്ടാവാത്തത്?; കുറിപ്പ്

മദ്യദുരന്തം ഉണ്ടാകുന്നതുപോലെ എന്തുകൊണ്ടാണ് 'ചായദുരന്തം' ഉണ്ടാവാത്തത്?; കുറിപ്പ്
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം


കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വലിയൊരു വിഭാഗം രംഗത്തുവന്നപ്പോള്‍ അനുകൂലിച്ചും ആളുകള്‍ അണിനിരന്നു. ഈ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ വൈശാഖന്‍ തമ്പി ഈ കുറിപ്പില്‍.

വൈശാഖന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:

ആരാണ് 'നമ്മള്‍'?

ചോദ്യം ആ വാക്കിനെ പറ്റിയാണ്. 'നമ്മള്‍' (we) എന്ന വാക്ക് ഓരോരുത്തരും 'ഞാന്‍' എന്ന വാക്കിനോട് മറ്റുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന പ്രയോഗമാണ്. പക്ഷേ സാഹചര്യത്തിനനുസരിച്ചും വിഷയത്തിനനുസരിച്ചും വ്യക്തിയുടെ സ്വഭാവമനുസരിച്ചുമൊക്കെ അവരവരോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ആ 'മറ്റുള്ളവര്‍' വെവ്വേറെയായിരിക്കും. നാമോരോരുത്തരും അത് സ്വയം ചോദിക്കേണ്ടിവരും. 'സാധാരണക്കാര്‍' എന്ന തേഡ് പെഴ്‌സണ്‍ പ്രയോഗത്തിലും ഇത് ബാധകമാണ്. ആരെയൊക്കെ ചേര്‍ത്താണ് നിങ്ങള്‍ സാധാരണക്കാര്‍ എന്ന് വിളിക്കുന്നത്, അല്ലെങ്കില്‍ ഒരുകൂട്ടം ആളുകളെ സാധാരണക്കാര്‍ എന്ന് നിര്‍വചിക്കുമ്പോള്‍ നിങ്ങള്‍ ആരെയൊക്കെയാണ് ആ കൂട്ടത്തില്‍ നിന്ന് ഓട്ടോമാറ്റിക്കായി പുറത്താക്കുന്നത്?

പണ്ട് നോട്ടുനിരോധനസമയത്ത് ഒരു സംവാദസദസ്സില്‍ ഒരു സീനിയര്‍ സര്‍ക്കാര്‍ ശമ്പളക്കാരന്‍ പറഞ്ഞ ഒരു പ്രയോഗം ഉദാഹരിക്കാം. 'ഇത് കള്ളപ്പണം ഇല്ലാതാക്കാനുള്ള ഒരു മികച്ച നീക്കമാണ്. നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് ചില താത്കാലിക ബുദ്ധിമുട്ടുകള്‍ ഇതുകൊണ്ട് ഉണ്ടാകുമെന്നത് സത്യമാണ്...' ഇന്‍ഡ്യയെ മൊത്തം ബാധിക്കുന്ന ഒരു സാമ്പത്തികതീരുമാനത്തിന്റെ വിശകലനം നടത്തുമ്പോള്‍ അദ്ദേഹം സ്വയം സാധാരണക്കാരന്‍ എന്ന് നിര്‍വചിക്കുകയും എന്നിട്ട് സാധാരണക്കാരുടെ ആ ഗണത്തെക്കുറിച്ച് സാമാന്യമായി സംസാരിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ ഇനി ശരാശരി ഇന്‍ഡ്യന്‍ അദ്ദേഹമുള്‍പ്പെടുന്ന ആ സാധാരണക്കാരുടെ ഗണത്തില്‍ പെടുമോ എന്ന പരിശോധന കൂടി വേണമല്ലോ. അദ്ദേഹത്തിന്റെ മാസശമ്പളം ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമെന്ന് അദ്ദേഹം പറയാതെ തന്നെ മനസിലാക്കാം (സര്‍ക്കാര്‍ ശമ്പളത്തിന് അങ്ങനൊരു കുഴപ്പമുണ്ട്!). ഇന്‍ഡ്യയിലെ സകല ശതകോടീശ്വരന്‍മാരേയും ചേര്‍ത്ത് ശരാശരി കണക്കാക്കിയാല്‍ പോലും, ശരാശരി ഇന്‍ഡ്യാക്കാരന്റെ സമ്പത്ത് (മാസവരുമാനമല്ല, സമ്പത്ത്) അഞ്ചരലക്ഷം രൂപയ്ക്ക് താഴെയാണ്. ഇതേ ശതകോടീശ്വരന്‍മാരെ ഉള്‍പ്പെടുത്തിയാല്‍ ഇന്‍ഡ്യയുടെ ശരാശരി ആളോഹരി വരുമാനം മാസം പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ്. ടി വ്യക്തിയുടെ മാസവരുമാനത്തിന്റെ പത്തിലൊന്ന്! ഇനി ഇന്‍ഡ്യക്കാരില്‍ എത്രപേര്‍ക്ക് ഈ വരുമാനത്തിന് ഉറപ്പുണ്ട്? സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണം തൊഴില്‍സുരക്ഷയാണെന്നറിയാമല്ലോ. മാസാമാസം ഇത്ര രൂപ കൃത്യമായി വരുമെന്ന ഉറപ്പ്. ഇന്‍ഡ്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം പോലുമില്ല. ഇനി ആലോചിക്കൂ, ഇന്‍ഡ്യയിലെ സാധാരണക്കാരന്റെ ഗണത്തില്‍ നമ്മുടെ നായകന്‍ വരുമോ?

ഇതൊരു വ്യക്തിയെ താഴ്ത്തിക്കെട്ടുന്നതിന് പറഞ്ഞതല്ല. നമ്മളെല്ലാം കാണിക്കുന്ന ഒരു പൊതുവായ അബദ്ധമാണിത്. ഞാനാണ് ഇവിടുത്തെ സാധാരണക്കാരന്‍ (അല്ലെങ്കില്‍ സാധാരണക്കാരി) എന്ന് സ്വയം കരുതുന്നു. എന്നിട്ട് എന്നെ സംബന്ധിച്ച് എങ്ങനെ ഈ നാട് പോയാലാണോ നന്നാവുക, അതാണ് ഈ രാജ്യത്തിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടത് എന്ന് കരുതുന്നു. നമ്മളെല്ലാവരും ഏതാണ്ട് നമ്മളെപ്പോലുള്ളവരോടാണ് കൂടുതല്‍ ഇടപെടുന്നത് എന്നതായിരിക്കണം ഒരുപക്ഷേ അവിടത്തെ പ്രധാന പ്രശ്‌നം. നമുക്ക് കൂടുതല്‍ ആഴത്തില്‍ അറിയാവുന്നത് നമ്മുടെ തന്നെയോ, നമ്മളെപ്പോലുള്ളവരുടെയോ പ്രശ്‌നങ്ങളാണ്. ഒരു കോളേജ് അധ്യാപകനോട് ചോദിച്ചാല്‍, ആ മേഖലയിലെ മറ്റാര്‍ക്കും അറിയാത്ത നൂറായിരം പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ടാകും. അദ്ദേഹത്തിന്റെ ജീവിതപങ്കാളി വേറൊരു തൊഴില്‍ മേഖലയിലാകാം. അവര്‍ക്കും  സ്‌കൂള്‍ ടീച്ചറോ, ബാങ്ക് ഉദ്യോഗസ്ഥയോ, ഡോക്ടറോ, എന്നിങ്ങനെ  അവരുടെ മേഖലയിലെ മറ്റാരും അറിയാത്ത പ്രശ്‌നങ്ങള്‍ ഒരുപാടെണ്ണം പറയാനുണ്ടാകും. നമ്മുടെ അധ്യാപകന്റെ സുഹൃത്ത് മറ്റൊരു തൊഴില്‍ മേഖലയിലാകാം. അവര്‍ക്കുമുണ്ട് ഇതുപോലെ പ്രശ്‌നങ്ങള്‍. ഇതെല്ലാം പരസ്പരം പങ്കുവെക്കപ്പെടുന്ന പ്രശ്‌നങ്ങളാണ്.

ഇനി ആലോചിക്കേണ്ടത്, ഒരു കോളേജ് അധ്യാപകന് വീട്ടുജോലിയ്ക്ക് പോകുന്ന ഭാര്യയോ, റോഡരുകില്‍ ഉരുട്ടുവണ്ടിയില്‍ ചായ വില്‍ക്കുന്ന ഒരു സുഹൃത്തോ ഉണ്ടാകാനുള്ള സാധ്യത എത്രയുണ്ട് എന്നതാണ്. അതെത്രയാണെന്ന് എഴുതുന്ന എനിയ്ക്കും, വായിക്കുന്ന നിങ്ങള്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സാധാരണക്കാര്‍ എന്ന വാക്ക് അപകടം പിടിച്ചതാകുന്നത് ഇങ്ങനെയാണ്. 'നമ്മുടെ പ്രശ്‌നങ്ങള്‍' ഒരു രാജ്യത്തിന്റെ പ്രശ്‌നമാകാതിരിക്കുന്നതും പലപ്പോഴും ഇങ്ങനെയാണ്. ബിസിനസ് ക്ലാസ് ഫ്‌ലൈറ്റിലെ ടച്ച് സ്‌ക്രീനില്‍ തൊടാന്‍ സീറ്റില്‍ ചാരിയിരുന്നുകൊണ്ട് ബുദ്ധിമുട്ടാണ് എന്നതും ഒരു വ്യക്തിയുടെ പ്രശ്‌നമായിരിക്കാം. പക്ഷേ അതൊരു രാജ്യത്തിന്റെ പൊതുവായ പ്രശ്‌നമാകാമോ എന്നതാണ് ചോദ്യം. രാജ്യത്തിലെ എല്ലാ മനുഷ്യരും ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ അതാ രാജ്യത്തിന്റെ പൊതുവായ പ്രശ്‌നമായേക്കും. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് ചില രാജ്യങ്ങളില്‍ ഒരു പൊതുവായ പ്രശ്‌നമാണ്. കറന്റ് കണക്ഷന്‍ തന്നെ എത്തിയിട്ടില്ലാത്ത രാജ്യത്തിന് ആ പ്രശ്‌നം പറഞ്ഞാല്‍ മനസിലാകാന്‍ തന്നെ സാധ്യതയില്ല.

'നമ്മളെല്ലാവരും വീട്ടിലിരിക്കണം, പുറത്തെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ജോലിക്കാരെ പറഞ്ഞുവിടണം' എന്ന, സൂപ്പര്‍സ്റ്റാറിന്റെ സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗിനെ ഇപ്പറഞ്ഞ പശ്ചാത്തലത്തില്‍ വേണം പ്രതിഷ്ഠിക്കാന്‍. പണ്ട് നോട്ടുനിരോധനകാലത്ത്, പട്ടാളക്കാരുടെ ത്യാഗത്തെ പ്രകീര്‍ത്തിക്കാന്‍ 'മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്ത് മണി വരെ കമ്പിളിയില്‍ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മള്‍. നമുക്ക് പല്ല് തേക്കാന്‍ മുതല്‍ കുളിക്കാന്‍ വരെ ചൂടുവെള്ളം തരാന്‍ കുളിമുറിയില്‍ ഗീസറുകള്‍ ഉണ്ട്' എന്ന് ബ്ലോഗിലെഴുതിയതും ഇദ്ദേഹം തന്നെയാണ്. അദ്ദേഹം മനസിലുള്ളത് പുറത്തുപറയാന്‍ മാത്രം നിഷ്‌കളങ്കനാണെന്നേ തോന്നുന്നുള്ളൂ. അഭിനയിക്കാന്‍ നന്നായി അറിയുന്ന ആളായിട്ടും, അഭിനയിക്കേണ്ട ആവശ്യമുണ്ടെന്ന് തന്നെ മനസിലായിട്ടില്ലാത്തതുകൊണ്ട് വായില്‍ വരുന്നത് പറയുന്നു. പ്രശ്‌നം നമ്മള്‍ പറഞ്ഞുവന്നത് തന്നെ. അദ്ദേഹം പറഞ്ഞതിനോട് നിങ്ങള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍, സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ച് 'സാധാരണക്കാര്‍', 'നമ്മള്‍' തുടങ്ങിയ പ്രയോഗങ്ങളില്‍ ഉള്‍പ്പെടുന്ന മനുഷ്യര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന 'സാധാരണക്കാര്‍', 'നമ്മള്‍' എന്നീ കൂട്ടത്തില്‍ പെടുന്ന ആളുകളല്ല എന്നത് മാത്രമാണ് അവിടത്തെ പ്രശ്‌നം. അവരവരെപ്പോലുള്ളവരുടെ പ്രശ്‌നങ്ങളല്ലാതെ മറ്റൊന്നും കാര്യമായി അറിയുന്നില്ല എന്നത് സൂപ്പര്‍സ്റ്റാറിന്റെ മാത്രം പ്രശ്‌നമല്ല. നമ്മളെല്ലാവരും ഏറിയും കുറഞ്ഞും അത് പങ്ക് വെക്കുന്നുണ്ട്.

ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ട ഒരു കൂട്ടരുണ്ട്; രാഷ്ട്രീയപ്രവര്‍ത്തകര്‍. അഴിമതിക്കാര്‍ എന്ന വാക്കിന് പര്യായമായി പൊതുജനം കണക്കാക്കിവെച്ചിരിക്കുന്ന ഈ വിഭാഗത്തിന്, പക്ഷേ നാട്ടിലെ മിക്കവാറും എല്ലാ വിഭാഗത്തില്‍ പെട്ട ആളകളുടേയും പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകും. ഒരു ശരാശരി രാഷ്ട്രീയക്കാരന്‍ (അല്ലെങ്കില്‍ രാഷ്ട്രീയക്കാരി) ഒരു ദിവസം ഇടപെടുന്ന പ്രശ്‌നങ്ങളുടെ ബാഹുല്യവും വൈവിധ്യവും ഭൂരിഭാഗം മനുഷ്യരും തിരിച്ചറിയുന്നതിനെക്കാള്‍ എത്രയോ വലുതാണ്. ഇവരൊക്കെ തന്നെയാണ് നാളെ ഭരണയന്ത്രം ചലിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്നത്. അപ്പോള്‍ ഐ.ഏ.എസുകാരുടേതും വ്യാപാരികളുടേതും സിനിമാക്കാരുടേതുമെന്നിങ്ങനെ നൂറായിരം പ്രശ്‌നങ്ങളില്‍ പരിഹാരം കാണേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ട്. ഒന്നിലധികം ജോലികളാവുമ്പോള്‍ 'പ്രയോറിറ്റി' അഥവാ മുന്‍ഗണന എന്ന സങ്കല്പം കൂടി വേണ്ടിവരും. പ്രതിമയുണ്ടാക്കണോ ആശുപത്രി കെട്ടണോ, ഒരാളുടെ മൂവായിരം കോടി എഴുതിത്തള്ളണോ മൂന്ന് ലക്ഷം പേരുടെ ഒരു ലക്ഷം വീതം എഴുതിത്തള്ളണോ എന്നിങ്ങനെ പ്രയോറിറ്റികള്‍ വ്യത്യസ്തമായിരിക്കും. 'അമ്മയ്ക്ക് പ്രസവവേദന, മോള്‍ക്ക് വീണവായന' എന്ന ചൊല്ലില്‍ വീണവായന ഒരു മോശം കാര്യമാണെന്ന ധ്വനി ഇല്ലായെന്ന് ഓര്‍ക്കണം. പ്രയോറിറ്റിയാണ് പ്രശ്‌നം.

ഒരു രാഷ്ട്രീയക്കാരനോ, ഒരു കൂട്ടരോ ('പാര്‍ട്ടി' എന്നതിന് പകരം, കൂടുതല്‍ കൃത്യതയ്ക്ക് വേണ്ടി അങ്ങനെ പറയുന്നു) അധികാരത്തിലെത്തുമ്പോള്‍ ഇതില്‍ ഏതൊക്കെ പ്രശ്‌നങ്ങളാണ് പ്രയോറിറ്റിയില്‍ മുകളില്‍ വരുന്നത് എന്നതാണ് മൂല്യനിര്‍ണയം നടത്തേണ്ട വിഷയം. തീര്‍ച്ചയായും അവിടെ നിങ്ങളുടെ പ്രയോറിറ്റിയോട് ഒത്തുപോകുന്ന പ്രയോറിറ്റി ഉള്ളവരായിരിക്കും നിങ്ങളുടെ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നത്. നിങ്ങള്‍ 'രാഷ്ട്രീയമില്ല' എന്ന് മേനിപറയുന്ന ആളാണെങ്കില്‍ പോലും, ഈ മൂല്യനിര്‍ണയത്തില്‍ നിങ്ങളുടെ രാഷ്ട്രീയമുണ്ട്. നിങ്ങള്‍ ഒരു രാഷ്ട്രീയതീരുമാനത്തിന് കൊടുക്കുന്ന മാര്‍ക്ക് വച്ച് നിങ്ങളുടെ രാഷ്ട്രീയത്തിന് മാര്‍ക്കിടാന്‍ മറ്റുള്ളവര്‍ക്കുമാകും. അത് രണ്ടും നിങ്ങളുടെ സ്വാതന്ത്ര്യമാണ്. നിങ്ങളെപ്പോലുള്ള 'സാധാരണക്കാരുടെ' പ്രയോറിറ്റികള്‍ക്കാണോ, അതോ നാടിന്റെ മൊത്തം ജനങ്ങളേയും പരിഗണിക്കുമ്പോള്‍ പൊതുവായ പ്രയോറിറ്റികള്‍ക്കാണോ കൂടുതല്‍ മാര്‍ക്കിടേണ്ടത് എന്നത് നിങ്ങളുടെ ചോയ്‌സാണ്. ഇവിടെ ഇത്രയും നീട്ടി പറഞ്ഞത്, വളരെ ലളിതമായ ഒരു ഓര്‍മപ്പെടുത്തലിനാണ്. നിങ്ങളുടേതല്ലാത്ത പ്രശ്‌നങ്ങളും ഈ നാട്ടിലുണ്ട്. നിങ്ങള്‍ സമൂഹത്തില്‍ ഏത് തട്ടിലാണ് എന്നതാണ്, നിങ്ങളുടെ പ്രശ്‌നം നാടിന്റെ പ്രശ്‌നം കൂടിയാണോ എന്ന് തീരുമാനിക്കുന്നത്.

ഒരൊറ്റ ഉദാഹരണം പൊക്കിക്കൊണ്ട് വന്ന് നിര്‍ത്തിയേക്കാം. ചോദ്യങ്ങള്‍ മാത്രമേയുള്ളൂ. ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് വിടുന്നു. സര്‍ക്കാരിന് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ട പണം എവിടുന്നൊക്കെ വരുന്നു എന്നറിയാമോ? ആവശ്യങ്ങള്‍ കൂടുകയും, പദ്ധതികള്‍ ഉണ്ടാവുകയും, എന്നാല്‍ പണം വരാതിരിക്കുകയും ചെയ്താല്‍ എന്ത് ചെയ്യുമെന്നൂഹിക്കാമോ? നിങ്ങള്‍ മദ്യപിക്കുന്ന ആളല്ല എങ്കില്‍ ഒരു മദ്യപന്റെ ജീവിതശൈലിയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം? മദ്യം കിട്ടാതെ വന്നാല്‍ ആളുകള്‍ പകരം സീരിയല്‍ കാണും, നാരങ്ങാ പിഴിഞ്ഞ് ഉപ്പിട്ട് കുടിയ്ക്കും, എന്നിങ്ങനെ എന്തൊക്കെ ഓപ്ഷന്‍സ് തെരെഞ്ഞെടുക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യോല്‍പ്പാദനം നിര്‍ത്തിവെച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാകാം എന്നാണ് നിങ്ങള്‍ മനസിലാക്കുന്നത്? സത്യത്തില്‍ മദ്യം ഉണ്ടാക്കുന്നതുകൊണ്ട് മദ്യപാനികള്‍ ഉണ്ടാകുകയാണോ അതോ മദ്യപാനികള്‍ ഉള്ളതുകൊണ്ട് മദ്യം ഉണ്ടാക്കുകയാണോ? സര്‍ബത്ത് വില്‍ക്കുന്ന എളുപ്പത്തില്‍ എന്തുകൊണ്ടാണ് ആര്‍ക്കും മദ്യം വില്‍ക്കാന്‍ കഴിയാത്തത്? മദ്യദുരന്തം ഉണ്ടാകുന്നതുപോലെ എന്തുകൊണ്ടാണ് 'ചായദുരന്തം' ഉണ്ടാവാത്തത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com