'വെറുതേ ശമ്പളം വാങ്ങേണ്ട, ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ'; ശ്രീറാമിനെ തിരിച്ചെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി 
'വെറുതേ ശമ്പളം വാങ്ങേണ്ട, ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ'; ശ്രീറാമിനെ തിരിച്ചെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമമേധാവികളുമായുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞദിവസമാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്.

ആരോഗ്യവകുപ്പില്‍ ജോയിന്റ സെക്രട്ടറിയായി ശ്രീറാമിനെ നിയമിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്നലെ ശ്രീറാമിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ സര്‍ക്കാര്‍ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേസ് നടക്കുന്നുണ്ട്. കുറ്റപത്രവും നല്‍കി. കേസ് കേസിന്റെ വഴിക്ക് പോകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം. ഇത് ഇന്ന് ആവര്‍ത്തിക്കുകയായിരുന്നു പിണറായി വിജയന്‍.

'ശ്രീറാം വെങ്കിട്ടരാമന്‍ വെറുതേ ശമ്പളം വാങ്ങേണ്ട. സസ്‌പെന്‍ഷനിലായാലും ശമ്പളം നല്‍കണം. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ.കേസില്‍ ശ്രീറാമിന് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ല.'- മാധ്യമമേധാവികളുമായുളള ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.

ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. കുറ്റം ചെയ്തതിന് ഇദ്ദേഹത്തിനെതിരെ തെളിവില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. ശ്രീറാമിനെ കേസ് കഴിയുന്നതുവരെ തിരിച്ചെടുക്കരുതെന്ന് മാധ്യമസമൂഹം ഒറ്റക്കെട്ടായി ആവശ്യപ്പെടുമ്പോഴായിരുന്നു സര്‍ക്കാര്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com