അനാവശ്യ യാത്ര വേണ്ട, ലോക്ക്ഡൗണ്‍ ലംഘകരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും; കടുത്ത നടപടിയിലേക്ക് പൊലീസ് 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലെ അനാവശ്യയാത്ര തടയാന്‍ പൊലീസിന്റെ കടുത്ത നടപടി
അനാവശ്യ യാത്ര വേണ്ട, ലോക്ക്ഡൗണ്‍ ലംഘകരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും; കടുത്ത നടപടിയിലേക്ക് പൊലീസ് 

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലെ അനാവശ്യയാത്ര തടയാന്‍ പൊലീസിന്റെ കടുത്ത നടപടി. അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലാണ് നടപടി.

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിയന്ത്രണങ്ങള്‍ പാലിക്കാതെ, ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത് പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്. ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഈ പശ്ചാത്തലത്തില്‍ പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. നൂറിലേറെ വാഹനങ്ങളാണ് ഇതിനോടകം തന്നെ പിടിച്ചെടുത്തത്. കണ്ണൂരില്‍ 69 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രമാകും തിരികെ നല്‍കുക. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കോഴിക്കോട് മാത്രം 113 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

അതിനിടെ, യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി. പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കാത്തവര്‍ക്കും അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കാത്തവര്‍ക്കും എതിരെയാണ് നടപടി കടുപ്പിക്കുന്നത്. ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ഡാറ്റാ സെന്റര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണം, പെട്രോള്‍ ബങ്ക്, പാചകവാതകവിതരണം തുടങ്ങിയ ജീവനക്കാര്‍ക്ക് അവരുടെ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും യാത്രയാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com