കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്.
എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. മരുന്ന് നല്കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
മൂന്നാറില്‍ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് 6 പേര് കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇപ്പോള്‍ പരിശോധനാ ഫലം നെഗറ്റീവായ ടൂറിസ്റ്റിന് ആന്റി വൈറല്‍ മരുന്നുകള്‍ നല്കാന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് ചികിത്സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്കരിക്കുകയായിരുന്നു
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.
ഇന്ത്യയില്‍ ജയ്പൂരിലെ എസ് എം എസ് ആശുപത്രി കഴിഞ്ഞാല്‍ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയില്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ