കാസര്‍കോട് ഇന്ന് നിര്‍ണായകമെന്ന് ജില്ലാ കളക്ടര്‍ ; സന്നദ്ധ പ്രവര്‍ത്തനത്തിന് റോഡിലിറങ്ങിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്

വുഹാനില്‍ നിന്നും വന്ന രോഗി മാത്രമാണ് നാലു ടെസ്റ്റുകളും നെഗറ്റീവ് ആയി രോഗമുക്തി നേടിയിട്ടുള്ളതെന്ന് ഡിഎംഒ അറിയിച്ചു
കാസര്‍കോട് ഇന്ന് നിര്‍ണായകമെന്ന് ജില്ലാ കളക്ടര്‍ ; സന്നദ്ധ പ്രവര്‍ത്തനത്തിന് റോഡിലിറങ്ങിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്

കാസര്‍കോട് : കോവിഡ് രോഗബാധയില്‍ കാസര്‍കോട് ഇന്ന് നിര്‍ണായക ദിനമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു. ജില്ലയില്‍ 77 പരിശോധനാഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ നിരവധി പേര്‍ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. ജില്ലയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് അറിയാനാകുമെന്നും കളക്ടര്‍ പറഞ്ഞു. 

ഇപ്പോള്‍ ജില്ലയില്‍ 45 രോഗികളാണ് ചികില്‍സയിലുള്ളത്. വുഹാനില്‍ നിന്നും വന്ന രോഗി മാത്രമാണ് നാലു ടെസ്റ്റുകളും നെഗറ്റീവ് ആയി രോഗമുക്തി നേടിയിട്ടുള്ളതെന്ന് ഡിഎംഒ അറിയിച്ചു. 44 പേരെ മൂന്നുതവണ കൂടി പരിശോധിക്കും. രോഗം ഭേദമായാലും 28 ദിവസം ക്വാറന്റീന്‍ പാലിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. 

ജില്ലിയില്‍ നിലവിലെ രോഗികളില്‍ 41 പേരും വിദേശത്തു നിന്നും വന്നവരാണ്. ആദ്യഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന്‍ പാലിക്കണം. നാലുകേസുകള്‍ മാത്രമാണ് ജില്ലയിലുള്ളവര്‍ പോസിറ്റീവായിട്ടുള്ളത്. ഇവരില്‍ നിന്നും സമൂഹത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണ്. ജില്ലയില്‍ ഇപ്പോള്‍ സ്രവ പരിശോധനയ്ക്കായി ആളുകള്‍ ഇരച്ചെത്തുകയാണ്. അതിന്റെ ആവശ്യമില്ല. സ്രവ പരിശോധന സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

പനിയോ ചുമയോ ഉള്ളവര്‍ അവരുടെ അടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണം. അവിടെ നിന്നും റഫര്‍ ചെയ്യുന്നവരുടെ മാത്രമേ സ്രവ പരിശോധന നടത്തുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു. മുനിസിപ്പിലാറ്റികളില്‍ ഉള്ളവര്‍ക്ക് മാത്രം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്താം. ഇക്കാര്യത്തില്‍ .വേണ്ട നിയന്ത്രണങ്ങള്‍ ഉച്ചയോടെ നിലവില്‍ വരും.  

കാസര്‍കോട് ജില്ലയില്‍ ഒരാളും സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടെന്ന് ജില്ലാ കളക്ടര്‍. ഇവിടെ സര്‍ക്കാരുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരെങ്കിലും റോഡില്‍ ഇറങ്ങിയാല്‍ തല്‍ക്ഷണം അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com