കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുത്; സമൂഹ അടുക്കളകൾ തയ്യാറാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം

കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുത്; സമൂഹ അടുക്കളകൾ തയ്യാറാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം
കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുത്; സമൂഹ അടുക്കളകൾ തയ്യാറാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള എല്ലാ സംവിധാനവും സർക്കാർ തദ്ദേശ സ്ഥാപനങ്ങളിലൂടെ ചെയ്യുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. കോവിഡ്‌ അവലോകന യോഗത്തിന്‌ ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വീട്ടിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദ്ദേശ സ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോൺ നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം. ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധ ഉണ്ടാകണമെന്നും അദ്ദേഹം പറ‍ഞ്ഞു.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ അരിയും ഭക്ഷ്യ വസ്‌തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണി കിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ രോഗബാധിതരായി ചികില്‍സയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയിൽ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തിൽ ആകെയുള്ള പ്രശ്നങ്ങൾ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന് പരിഹരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്നത്. കൂടുതൽ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com