മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്; കൊറോണ ബാധ സംശയമെന്ന് അഭിഭാഷകന്‍, ശരിവച്ച് ജയില്‍ സൂപ്രണ്ട്; അപേക്ഷ തള്ളി

രണ്ട് തടവുകാരെ കൊറോണ സംശയത്തിന്റെ പേരില്‍ ആലുവ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ തടവുകാരുടെ സമീപത്തെ സെല്ലിലാണ് മോഹനന്‍വൈദ്യര്‍ കഴിഞ്ഞിരുന്നതെന്നുമായിരുന്നു സൂപ്രണ്ട് നല്‍കിയ മറുപടി
മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്; കൊറോണ ബാധ സംശയമെന്ന് അഭിഭാഷകന്‍, ശരിവച്ച് ജയില്‍ സൂപ്രണ്ട്; അപേക്ഷ തള്ളി

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നടത്തി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചേദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. വിയ്യൂര്‍ ജയിലിലെ തടവുകാരില്‍ ചിലരെ കൊറോണ സംശയത്തില്‍ ആലുവയിലെ ജയിലിലേക്ക് മാറ്റിയ നടപടിയാണ് മോഹനന്‍ വൈദ്യര്‍ക്ക് തുണയായത്.

വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് തടവുകാര്‍ക്ക് കൊറോണ സംശയിക്കുന്ന സാഹചര്യത്തില്‍ അടുത്ത സെല്ലില്‍ കഴിഞ്ഞ മോഹനന്‍ വൈദ്യര്‍ക്കും കൊറോണബാധയ്ക്ക് സാധ്യതയുണ്ടെന്ന് മോഹനന്‍ വൈദ്യരുടെ അഭിഭാഷകന്‍ വാദിച്ചു. ഇതിലെ നിജസ്ഥിതിയറിയാന്‍ കോടതി ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം തേടി.

ജയിലിലെ രണ്ട് തടവുകാരെ കൊറോണ സംശയത്തിന്റെ പേരില്‍ ആലുവ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ തടവുകാരുടെ സമീപത്തെ സെല്ലിലാണ് മോഹനന്‍വൈദ്യര്‍ കഴിഞ്ഞിരുന്നതെന്നുമായിരുന്നു സൂപ്രണ്ട് നല്‍കിയ മറുപടി. ഇത് കണക്കിലെടുത്ത കോടതി മോഹനന്‍ വൈദ്യരെ പൊലീസ് കസ്റ്റഡയില്‍ വിടുന്നത് അനുവദിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com