ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിൽ; 2,535 പേര്‍ അറസ്റ്റിൽ, 1636 വാഹനങ്ങള്‍ കസ്റ്റഡിയിൽ

ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിൽ; 2,535 പേര്‍ അറസ്റ്റിൽ, 1636 വാഹനങ്ങള്‍ കസ്റ്റഡിയിൽ
ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിൽ; 2,535 പേര്‍ അറസ്റ്റിൽ, 1636 വാഹനങ്ങള്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2,535 പേര്‍ അറസ്റ്റിലായി. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കോട്ടയത്താണ് കൂടുതൽ അറസ്റ്റ്. 481 പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. 

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും സർക്കാർ നിർദേശങ്ങൾ ഗൗനിക്കാതെ ജനം പലയിടത്തും റോഡിലിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ നമ്മുടെ സുരക്ഷയ്ക്കാണെന്ന തിരിച്ചറിവ് ഇനിയും പലര്‍ക്കും വന്നിട്ടില്ലെന്നത് ആശങ്കയായി തുടരുകയാണ്.

യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി. രാവിലെ എട്ടിന് തിരുവനന്തപുരം പാപ്പനംകോട് ജങ്ഷനിൽ തിരക്ക് അനുഭവപ്പെട്ടു. ഭൂരിഭാഗം പേരും കാഴ്ച കാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഒടുവില്‍ പൊലീസ് നടപടി കടുപ്പിക്കുകയായിരുന്നു. 

ഒന്നുകിൽ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കണം. അല്ലെങ്കില്‍ അവശ്യ വിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണം. എല്ലാവരും സത്യവാങ്മൂലവുമായി ഇറങ്ങിയതോടെ ഏതാണ് സത്യം ഏതാണ് കള്ളം എന്ന് അറിയാതെ പൊലീസ് വലഞ്ഞു. തിരുവന്തപുരം നഗരാതിർത്തിയായ കുണ്ടമൺകടവിൽ ബാരിക്കേഡ് വെച്ച് പൊലീസിന് തടയേണ്ടി വന്നു.

കൊച്ചിയിലും റോഡിലെ തിരക്കിനും അനാവശ്യ യാത്രക്കും ഒരു കുറവുമുണ്ടായില്ല. കോഴിക്കോട്ട് അനാവശ്യ യാത്രക്കിറങ്ങിയ ബൈക്ക് യാത്രക്കാരന്റെ താക്കോല്‍ ഊരിയെടുത്ത് പൊലീസ് നടപടി കടുപ്പിച്ചു. കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തിയ പൊലീസ് വിലക്ക് ലംഘിച്ചിറങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു. കണ്ണൂരില്‍ 94 പേരാണ് അറസ്റ്റിലായത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനുസരിക്കാതെ അനാവശ്യ യാത്രക്കിറങ്ങുന്നവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു. ആദ്യം നോട്ടീസ് നല്‍കിയ ശേഷമാകും നടപടി. നൂറിലേറെ വാഹനങ്ങള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com